പത്തനംതിട്ട: ജില്ലാ ആസ്ഥാനത്തെ പോലീസ് കണ്ട്രോൾ റൂമിലെ പഴഞ്ചൻ വാഹനം പോലീസുകാർക്ക് തലവേദയാകുന്നു.
അടിയന്തരഘട്ടങ്ങളിൽ 112 ൽ പോലീസിനെ വിളിച്ചാൽ സഹായിക്കാൻ ആഗ്രഹമുണ്ടെങ്കിലും വഴിയിൽ കുടുങ്ങുമോയെന്ന ഭയത്താൽ മാറി നിൽക്കുകയാണ് പതിവ്.
പോലീസ് കണ്ട്രോൾ റൂമിലെ പഴഞ്ചൻ വാഹനം ഏതു നിമിഷവും വഴിയിൽ ബ്രേക്ക്ഡൗണ് ആകാമെന്ന അവസ്ഥയിലാണ്.
ഒരാഴ്ച മുന്പ് തല നാരിഴയ്ക്കാണ് ഇതിൽ സഞ്ചരിച്ച പോലീസുകാർ രക്ഷപ്പെട്ടത്. ഓട്ടത്തിനിടയിൽ പുത്തൻപീടികയിൽ വാഹനത്തിനു പിന്നിലെ ടയർ ഉൗരിപ്പോയി.
മിക്ക ദിവസവും അറ്റകുറ്റപ്പണി നടത്തിവേണം വാഹനം പുറത്തിറക്കേണ്ടത്. ഇത് പതിവായതോടെ ഡിപ്പാർട്ടമെന്റിന്റെ സഹായവും ലഭിക്കാതായി.
ഇതോടെ പോലീസുകാർ സ്വന്തം കൈയിൽനിന്നും പണം മുടക്കിവേണം അറ്റകുറ്റപ്പണി നടത്തേണ്ടത്.
റോഡിൽ കൂടി വാഹനം പോകുന്നത് വലിയ ശബ്ദമുണ്ടാക്കിയാണ്. ഈ സമയം റോഡിലാകെ പുകയും നിറയും.
മലിനീകരണ നിയന്ത്രണ സർട്ടഫിക്കറ്റിന്റെ പരിശോധനയ്ക്കിറങ്ങുന്പോഴും പോലീസ് വാഹനത്തിന്റെ സ്ഥിതി ഇതുതന്നെ.
പുതിയ വാഹനം അനുവദിക്കണമെന്ന് ഒന്നര വർഷമായി ആവശ്യപ്പെടുന്നതാണ്. 112 ൽ 24 മണിക്കൂറും സേവനം നൽകേണ്ടതുണ്ട്.
എവിടെ നിന്ന് 112 ലേക്ക് വിളിച്ചാലും പോലീസ് ആസ്ഥാനത്തെ കേന്ദ്രീകൃത കണ്ട്രോൾ റൂമിലേക്കാവും ആദ്യം വിളിയെത്തുക.
ഒരേ സമയം 50 കോളുകൾ വരെ സ്വീകരിക്കാനുള്ള ശേഷി ഈ കണ്ട്രോൾ റൂമിനുണ്ട്. ആവശ്യമായ വിവരങ്ങൾ ശേഖരിച്ചശേഷം വിളി വന്ന സ്ഥലത്തിന് ഏറ്റവും അടുത്തുള്ള പോലീസ് വാഹനത്തിലേക്ക് സന്ദേശം കൈമാറുകയാണ് ചെയ്യുന്നത്.
ജിപിഎസ് സഹായത്തോടെയാണ് ഓരോ പോലീസ് വാഹനവും എവിടെയാണ് ഉള്ളതെന്ന് തിരിച്ചറിയുന്നത്. ഇതിനായി പോലീസ് വാഹനങ്ങളിൽ ടാബ് ലെറ്റും ഉണ്ടാകും.
റേഞ്ചില്ലാത്ത പ്രദേശത്താണ് സേവനം ആവശ്യമുള്ളതെങ്കിൽ വയർലെസ് വഴിയായിരിക്കും സന്ദേശം നൽകുക. ജില്ലാ കണ്ട്രോൾ റൂമുകളിലേക്കും സമാനമായ രീതിയിൽ വയർലെസ് സന്ദേശം നൽകും.