സ്വന്തം ലേഖകൻ
കോഴിക്കോട്: തെരുവിലും മറ്റും കഴിയുന്നവർക്കായി ജനമൈത്രി പോലീസ് ആവിഷ്കരിച്ചു നടപ്പിലാക്കിയ “അക്ഷയപാത്രം’ പദ്ധതിവഴിയുള്ള ഭക്ഷണവിതരണം നിലച്ചു.
കുടുംബശ്രീ വഴി ഇരുപതു രൂപയുടെ പാഴ്സല്‍ സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കുമ്പോഴാണ് പോലീസിന്റെ പദ്ധതി അവതാളത്തിലായത്.
കോവിഡ് പ്രതിസന്ധിയാണ് കാരണമെന്ന് അധികൃതരുടെ വിശദീകരണം. കോവിഡ് മാനദണ്ഡങ്ങളിൽ ഇളവുകള്‍ അനുവദിച്ചിട്ടു ദിവസങ്ങളായിട്ടും ഭക്ഷണവിതരണം പുനരാരംഭിക്കാൻ നടപടിയായിട്ടില്ല.
നഗരത്തിലെ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചായിരുന്നു ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്.
അക്ഷയപാത്രത്തിനെ സമീപിക്കാനുള്ള നമ്പര്‍ പോലും പെയിന്റടിച്ച് സാധാരണക്കാര്‍ക്ക് ബന്ധപ്പെടാന്‍ കഴിയാത്ത രീതിയിലാക്കിയിരിക്കുകയാണ്.
ദിവസവും അമ്പതോളം പേര്‍ക്കായിരുന്നു ഇവിടെ നിന്ന് ഉച്ചഭക്ഷ ഭക്ഷണവിതരണം നടത്തിയിരുന്നത്.
പ്രഭാതഭക്ഷണം ഉള്‍പ്പെടെ നല്‍കുമെന്നായിരുന്നു അധികൃതരുടെ പ്രഖ്യാപനം. തെരുവില്‍ അലയുന്നവര്‍ക്കു വളരെ ആശ്വാസമായിരുന്ന പദ്ധതിയാണിത്.
വിവിധ സന്നദ്ധസംഘനകള്‍ അക്ഷയപാത്രവുമായി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയും സന്നദ്ധസംഘനകളുടെ പേരില്‍ തന്നെ ഭക്ഷണം സ്പോണ്സര് ചെയ്യുകയുമായിരുന്നു.
അനര്‍ഹരില്‍ പലരും ഭക്ഷണം വാങ്ങുന്നത് പോലീസ് ഇടപെടലോടെ തടയാന്‍ കഴിയുമെന്നായിരുന്നു പ്രതീക്ഷ.
എന്നാല്‍ പോലീസ് ഭക്ഷണ വിതരണകേന്ദ്രം സ്വന്തം ‘ക്രഡിറ്റില്‍ ‘ ഒതുക്കിയതോടെ പലരും ഇതില്‍ നിന്നും വിട്ടുനിന്നു. ഇതോടെ സന്നദ്ധസംഘടനകള്‍ സ്വന്തം നിലയ്ക്ക് സൗജന്യ ഭക്ഷണവിതരണം തുടങ്ങി.
പദ്ധതിയെ കുറിച്ചു കേട്ടറിഞ്ഞ് നിരവധിപേര്‍ എത്തിയപ്പോള്‍ സെന്ററുകള്‍ അടച്ചിട്ടിരിക്കുകയാണ്. മൂന്ന് പോലീസുകാര്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ഡ്യൂട്ടിക്കുണ്ടായിരുന്നിടത്ത് ഇപ്പോള്‍ ആരുമില്ലാത്ത സ്ഥിതിയാണ് .