എരുമേലി: ക്ഷേത്രത്തിൽ കയറും മുമ്പ് ചെരുപ്പുകൾ അഴിച്ചുവച്ച പോലീസ് ഐജി ദർശനം കഴിഞ്ഞ് നോക്കുമ്പോൾ തന്റെ മാത്രം ചെരുപ്പുകളില്ല.
ഒപ്പമുണ്ടായിരുന്ന പോലീസുകാർ പരിസരമാകെ തെരഞ്ഞതിനൊടുവിൽ പ്രതിയെ കണ്ടതും ഞെട്ടി.
ഒരു തെരുവ് നായ ആണ് ചെരുപ്പുകൾ അപഹരിച്ചത്. ഈ ദൃശ്യങ്ങൾ നിമിഷങ്ങൾക്കകം എരുമേലി സ്റ്റേഷനിലെ കൺട്രോൾ റൂമിൽ കണ്ടതാണ് “പ്രതിയെ’ പിടികൂടാനുള്ള തുമ്പ് ആയത്.
വ്യാഴാഴ്ച വൈകുന്നേരം എരുമേലി ശ്രീ ധർമ ശാസ്താ ക്ഷേത്രത്തിലാണ് സംഭവം. പോലീസ് ഹെഡ് ക്വാർട്ടേഴ്സ് ഐജി പി. വിജയൻ ശബരിമല ദർശനത്തിനായി പോകുന്നതിനിടെ എരുമേലി ക്ഷേത്രത്തിൽ എത്തിയപ്പോഴാണ്പാദരക്ഷകൾ ഊരി മുറ്റത്ത് വച്ചത്.
ഒപ്പമുണ്ടായിരുന്നവരും ചെരുപ്പുകൾ അഴിച്ചു മാറ്റി വെച്ചിട്ടാണ് ദർശനത്തിന് പ്രവേശിച്ചത്. ദർശനം കഴിഞ്ഞ് തിരികെ മടങ്ങാൻ എത്തുമ്പോഴാണ് ചെരുപ്പുകൾ നഷ്ടപ്പെട്ടത് അറിഞ്ഞത്.
അതേസമയം ഒപ്പമുണ്ടായിരുന്നവരുടെ ചെരുപ്പുകളെല്ലാം യഥാസ്ഥാനത്തുണ്ടായിരുന്നു. അഞ്ച് മിനിറ്റോളം പരിസരത്ത് തെരഞ്ഞിട്ട് കണ്ടെത്താനാകാതെ വന്നതോടെ എരുമേലി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം. മനോജ് സ്റ്റേഷനിലെ കൺട്രോൾ റൂമിൽ വിവരം അറിയിച്ചു.
ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർ കെ.എൻ. അനീഷിന് തത്സമയ ദൃശ്യങ്ങൾ കണ്ടെടുക്കാൻ രണ്ട് മിനിട്ട് പോലും വേണ്ടി വന്നില്ല.
ചെരുപ്പുമായി തെരുവ് നായ മറ്റ് നായകൾക്കൊപ്പം ഇരിക്കുന്ന ക്ഷേത്ര മുറ്റത്തെ സ്ഥലത്ത് അപ്പോൾ തന്നെ പോലീസ് എത്തി. “പ്രതി’ ഓടിയില്ലെങ്കിലും തൊണ്ടി മുതൽ നൽകാൻ വിസമ്മതം കാട്ടിയില്ല.
മിനിറ്റുകൾക്കുള്ളിൽ ഉണർന്ന് പ്രവർത്തിച്ച ഹൈടെക് വിഭാഗത്തിനെയും സ്റ്റേഷൻ ഹൗസ് ഓഫീസറെയും അനുമോദിച്ചിട്ടാണ് ഐജി മടങ്ങിയത്.
56 ലക്ഷം ചെലവിട്ട് ശബരിമല തീർഥാടന സുരക്ഷാ പദ്ധതിയുടെ ഭാഗമായി എരുമേലിയും പരിസരങ്ങളും കാമറാ വലയത്തിലായിട്ട് ഏതാനും വർഷങ്ങളായി.
ഇതിനോടകം നിരവധി കുറ്റകൃത്യങ്ങളാണ് കാമറകൾ മൂലം പിടികൂടാനായത്.