കൊച്ചി: രാത്രി പതിനൊന്നിനുശേഷം ഹോട്ടലുകള്‍ പ്രവര്‍ത്തിക്കരുതെന്നു നിര്‍ദ്ദേശിക്കാനോ നോട്ടീസ് നല്‍കാനോ പോലീസിന് അധികാരമില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെയും തദ്ദേശഭരണ സ്ഥാപനത്തിന്റെയും അനുമതിയും ലൈസന്‍സും വാങ്ങിയാണു ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. അവരൊന്നും സമയക്രമം നിശ്ചയിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ പോലീസിനു സമയം നിശ്ചയിക്കാനാവില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.
സാമൂഹ്യവിരുദ്ധശല്യം ഒഴിവാക്കാന്‍ ഹോട്ടല്‍ പ്രവര്‍ത്തനം രാത്രി 11 വരെ മാത്രമേ പാടുള്ളൂവെന്ന എസ്ഐയുടെ ഉത്തരവിനെതിരേ കൊല്ലം ശക്തികുളങ്ങര സ്വദേശി രവികുമാര്‍ നല്കിയ ഹര്‍ജിയില്‍ ഡിവിഷന് ബെഞ്ചിന്േ!റതാണ് ഉത്തരവ്. രാത്രി 11നുശേഷം ഹോട്ടല്‍ പ്രവര്‍ത്തനം തടഞ്ഞുകൊണ്ടുള്ള എസ്ഐയുടെ നോട്ടീസ് ഭരണഘടന ഉറപ്പുനല്‍കുന്ന തൊഴിലവകാശത്തിന്റെ ലംഘനമാണ്.
സാമൂഹ്യവിരുദ്ധര്‍ താവളമാക്കുമെന്ന കാരണത്താല്‍ ഹോട്ടല്‍ രാത്രി 11നുശേഷം പ്രവര്‍ത്തിക്കരുതെന്നു പറയാന്‍ കഴിയില്ല. ഹര്‍ജിക്കാരനായ ഹോട്ടലുടമയ്ക്കെതിരേ പരാതിയോ കേസോ നിലവിലില്ലാത്ത സാഹചര്യത്തില്‍ ഹോട്ടല്‍ രാത്രി 11ന് അടയ്ക്കണമെന്നു പറയാന്‍ കഴിയില്ല. കുറ്റകൃത്യങ്ങള്‍ തടയാനും കുറ്റകൃത്യങ്ങളില്‍ നടപടിയെടുക്കാനും പോലീസിന് അധികാരമുണ്ടെങ്കിലും ഇത്തരം നടപടി പാടില്ലെന്നും ഡിവിഷന് ബെഞ്ച് ചൂണ്ടിക്കാട്ടി. രാപ്പകല്‍ മത്സ്യബന്ധനം നടക്കുന്ന പ്രദേശത്താണു ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്.
ഇതിനുപുറമേ രണ്ടു പെട്രോള്‍ പന്പുകളും വര്‍ക്ക് ഷോപ്പുമൊക്കെ പ്രവര്‍ത്തിക്കുന്നുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ സാമൂഹ്യവിരുദ്ധരുടെ താവളമായി മാറാനിടയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് എസ്ഐ നോട്ടീസ് നല്‍കിയത്. രാത്രിയില്‍ ഭക്ഷണം കഴിക്കാനെത്തുന്നവര്‍ വാഹനങ്ങള്‍ റോഡില്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്യുന്നതിനാല്‍ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നുവെന്നും പോലീസ് പറയുന്നു. ശക്തികുളങ്ങര, കാവനാട് ഭാഗങ്ങളില്‍ മോഷണവും സാമൂഹ്യവിരുദ്ധ ശല്യവും പെരുകുന്നതു കണക്കിലെടുത്ത് നോട്ടീസ് നല്‍കിയതാണെന്നും പോലീസ് വിശദീകരിച്ചു. എന്നാല്‍ കേരള പോലീസ് ആക്ടനുസരിച്ച് എസ്ഐയ്ക്ക് ഇത്തരത്തില്‍ നോട്ടീസ് നല്കാന് അധികാരമില്ലെന്നു ഡിവിഷന് ബെഞ്ച് വിലയിരുത്തി.