കൊട്ടാരക്കര: വീട് ആക്രമണ കേസിലെ പ്രതികളെ പിടികൂടാൻ പോലീസ് തിരച്ചിലിന് ഇറങ്ങിയത് എതിർ ചേരിയിലെ ഗുണ്ടകൾക്കൊപ്പം. പുത്തൂർ പോലീസാണ് കഴിഞ്ഞ ദിവസം അർധ രാത്രിയിൽ എതിർ ചേരിയിൽ ഉള്ളവർക്കൊപ്പം പ്രതികളുടെ വീട്ടിൽ തിരച്ചിലിന് ഇറങ്ങിയത്.
പോലീസിന്റെ ഈ നടപടി ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമായിരുന്നുവെന്ന് നാട്ടുകാർ പരാതിപ്പെട്ടു. പുത്തൂർ ചേരിയിൽ ക്ഷേത്രത്തിലെ ഉത്സവദിവസം കുഞ്ഞുങ്ങളുമായി പോയ ബൈക്ക് യാത്രികനെ പ്രദേശവാസിയായ ഒരാൾ മർദിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാൾ സ്വകാര്യ ആശുപത്രയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഈ സംഭവത്തിനുശേഷം മർദിച്ച ആളിന്റെ വീട്ടിനു നേരെ ആക്രമണം നടന്നിരുന്നു. ഈ ആക്രമണം നടത്തിയവരെന്ന് സംശയിക്കുന്നവരെ തിരക്കിയാണ് കഴിഞ്ഞ ദിവസം അർധരാത്രിയിൽ പുത്തൂർ എസ്ഐ യുടെ നേതൃത്വത്തിൽ നാലംഗ പോലീസ് സംഘം വെണ്ടാറിൽ എത്തിയത്.
പോലീസിനൊപ്പം എതിർ ചേരിയിലുള്ള 25 ലധികം പേരും വിവിധ വാഹനങ്ങളിൽ സ്ഥലത്തെത്തിയിരുന്നു. പ്രതിയെന്ന് സംശയിക്കുന്ന ആളിന്റെ വീട് അടച്ചിട്ടിരുന്നതിനാൽ പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ല.
പ്രതി സ്ഥലത്തുണ്ടായിരുന്നെങ്കിൽ പോലീസിനു മുമ്പേ എതിർ ചേരിക്കാർ ആക്രമണത്തിന് മുതിരുമായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. നാലു പോലീസുകാർക്ക് ഇത് തടയുവാൻ കഴിയുമായിരുന്നില്ല.
വീടു മാറി അർധരാത്രിയിൽ ഒരു ദളിത് കുടുംബത്തിന്റെ വീട്ടിൽ കയറിയും ഈ സംഘം ഭയപ്പെടുത്തിയതായും ആരോപണം ഉണ്ട്. എതിർ ചേരിയിൽപ്പെട്ടവരോടൊപ്പം പ്രതിയെ തിരക്കിയിറങ്ങിയ പോലീസ് നടപടിയിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.
പുത്തൂർ പോലീസിനെതിരെ നേരത്തെയും നിരവധി പരാതികൾ ഉയർന്നു വന്നിട്ടുണ്ട്. ഒരു വനിതാ പഞ്ചായത്തംഗത്തെ വഴിയിൽ തടഞ്ഞു നിർത്തി അധിക്ഷേപിച്ച സംഭവത്തിൽ പ്രതിയെ സംരക്ഷിക്കുന്ന നിലവാട് പുത്തൂർ എസ്ഐ സ്വീകരിച്ചതായും ആരോപണം ഉണ്ട്.
ഇതിനെതിരെ മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകിയ വനിതാപഞ്ചായത്തംഗം ഇപ്പോൾ നിയമ നടപടിക്കും ഒരുങ്ങുകയാണ്. പതിയെ തിരക്കി ഗുണ്ടകൾക്കൊപ്പം വീടുകയറിയ പോലീസ് നടപടി മറൈൻ ഡ്രൈവിലുണ്ടായ സദാചാര ഗുണ്ടായിസത്തിന് തുല്യമാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.