അടിമാലി: ആദിവാസിക്കുടിയിൽ ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീയുടെ വീട്ടിൽ അസമയത്ത് എത്തിയ പോലീസ് ഓഫീസറെ അവിഹിതബന്ധമാരോപിച്ച് നാട്ടുകാർ തടഞ്ഞുവച്ചു. സംഭവം നാട്ടുകാർതന്നെ പോലീസിൽ അറിയിച്ചതിനെതുടർന്ന് പോലീസെത്തി രാത്രി പത്തോടെ പോലീസ് ഓഫീസറെ മോചിപ്പിച്ചു.
കഴിഞ്ഞദിവസം രാത്രി ഒൻപതിനോടെയാണ് സംഭവം. ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ ഹൈറേഞ്ച് സ്പൈഡേഴ്സ് സ്പെഷൽ സ്ക്വാഡിലെ അംഗമായിരുന്നു പിടിയിലായ പോലീസ് ഓഫീസർ. ഇദ്ദേഹം ഇപ്പോൾ ഇടുക്കി സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറാണ്.
ഭർത്താവ് ഉപേക്ഷിച്ച സ്ത്രീയുടെ വീട്ടിൽ ഇടയ്ക്കിടെ അസമയത്ത് ഇയാൾ എത്തുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടിരുന്നു. ബുധനാഴ്ച രാത്രിയിൽ ഇയാൾ എത്തിയതോടെ നാട്ടുകാർ സംഘടിച്ചു തടയുകയായിരുന്നു. എന്നാൽ തന്റെ അകന്ന ബന്ധുവിന്റെ വീടാണിതെന്ന നിലപാടിലാണ് പോലീസ് ഓഫീസർ. സംഭവം ഒതുക്കിതീർക്കാൻ ശ്രമം നടക്കുന്നതായി ആരോപണം ഉയർന്നിട്ടുണ്ട്.
ഇതിനിടെ ഉന്നതതലങ്ങളിൽ സംഭവം എത്തി. വിശദമായ അന്വേഷണം നടത്തിയശേഷം ജില്ലാ പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകുമെന്ന് അടിമാലി സിഐ ടി.ഐ. യൂനസ് അറിയിച്ചു. ആദിവാസി സ്ത്രീയെ ഉപദ്രവിച്ചതിന് മുൻപ് ഇദ്ദേഹത്തെ വെള്ളത്തുവൽ പോലീസ് സ്റ്റേഷനിൽനിന്നും സ്ഥലംമാറ്റിയിരുന്നു.
എസ്പിയുടെ ഇതേ സ്ക്വാഡിൽ അംഗമായ തൊടുപുഴ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ കഞ്ചാവുകേസിൽ കൈക്കുലി വാങ്ങിയതുമായി ബന്ധപ്പെട്ട് ഇതിനുമുൻപ് നടപടിക്കു വിധേയനായിരുന്നു. ഇതോടെ ഹൈറേഞ്ച് സ്പൈഡേഴ് സ്ക്വാഡ് പിരിച്ചുവിടുകയായിരുന്നു.