തൊടുപുഴ: മകന് പ്രണയിച്ച പെണ്‍കുട്ടി വീടുവിട്ടു പോയതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്കിയ പരാതിയില്‍ ദമ്പതികളെ പോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി മാനസികമായി പീഡിപ്പിച്ചതായി പരാതി. തൊടുപുഴ തെക്കുംഭാഗം പറമ്പില്‍ മാത്യു ജോര്‍ജ് ഇതുമായി ബന്ധപ്പെട്ടു സംസ്ഥാന പോലീസ് മേധാവി ടി.പി. സെന്‍കുമാറിന് പരാതി നല്കി.
മാത്യു ജോര്‍ജിന്റെ ഡല്‍ഹിയില്‍ എൻജിനിയറായ മകനും അന്യമത വിഭാഗത്തിൽപ്പെട്ട പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. ഇരുവര്‍ക്കും പ്രായപൂര്‍ത്തിയായതിനാല്‍ ഇവരുടെ വിവാഹം ഡിസംബറില്‍ നടത്താമെന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പെണ്‍കുട്ടിയെ പിന്നീട് പുറത്തു വിടാതിരുന്നതിനാൽ കുട്ടി ആരുമറിയാതെ ഡല്‍ഹിക്കു പോകുകയും ചെയ്തയായി മാത്യു ജോര്‍ജ് പറയുന്നു.
പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്കിയ പരാതിപ്രകാരം കഴിഞ്ഞ നാലിനു പോലീസുകാര്‍ വീട്ടിലെത്തി മാത്യു ജോര്‍ജിനെയും ഭാര്യയെയും ബലമായി വാഹനത്തില്‍ കയറ്റിക്കൊണ്ടു പോകാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ ഇടപെട്ടു തടഞ്ഞു. പിന്നീട് ഇവര്‍ തൊടുപുഴ പോലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് മകനെയും പെണ്‍കുട്ടിയെയും കൊണ്ടു വന്നില്ലെങ്കില്‍ അറ്സറ്റു ചെയ്യുമെന്നും കൂടാതെ അസഭ്യവാക്കുകള്‍ പറഞ്ഞതായും പരാതിയില്‍ പറയുന്നു. ഡല്‍ഹിയിലുള്ള മകനെയും ഭാര്യയെയും അഞ്ചു മിനിറ്റിനുള്ളില്‍ ഹാജരാക്കണമെന്നാണ് ഉദ്യോഗസ്ഥന് ആവശ്യപ്പെട്ടത്.
മകനെയും പെണ്‍കുട്ടിയെയും സ്റ്റേഷനില്‍ ഹാജരാക്കാമെന്ന് അറിയിച്ചെങ്കിലും ഇതിനനുവദിക്കാതെ മണിക്കൂറുകളോളം സ്റ്റേഷനില്‍ നിര്‍ത്തി തന്നെയും ഭാര്യയെയും മാനസികമായി പീഡിപ്പിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് മാത്യു ജോര്‍ജ് ഡിജിപിക്കു പരാതി നല്‍കിയത്.