സജീവൻ പൊയ്ത്തുംകടവ്
കണ്ണൂർ: രാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കണ്ണൂരിൽ സുരക്ഷ ശക്തമാക്കാൻ പോലീസ് രംഗത്ത്. നേതാക്കൾക്ക് സുരക്ഷ വർധിപ്പിക്കാനും അക്രമസാധ്യത നിലനിൽക്കുന്ന സ്ഥല ങ്ങളിൽ കൂടുതൽ പോലീസിനെ വിന്യസിക്കാനും തീരുമാനമായി. പാർട്ടി ഗ്രാമങ്ങളിൽ പ്രത്യേക പോലീസ് നിരീക്ഷണം ഏർപ്പെടു ത്തും.
സിപിഎം നേതാക്കൾക്ക് സുരക്ഷ കൂട്ടാൻ ജില്ലാ പോലീസ് മേധാവി ജി. ശിവവിക്രത്തിന് ഡിജിപി നിർദേശം നൽകിയിട്ടുണ്ട്. സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്റെ സുരക്ഷ കൂട്ടാനും തലശേരി എംഎൽഎ എ.എൻ. ഷംസീറിന് സുരക്ഷ ഏർപ്പെടുത്താനുമാണ് നിർദേശം.
സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന് നൽകിവരുന്ന വൈ കാറ്റഗറി സുരക്ഷയ്ക്കു പുറമെ തലശേരി എംഎൽഎ എ.എൻ. ഷംസീറിന് എക്സ് കാറ്റഗറി സുരക്ഷയൊരുക്കാൻ പോലീസ് നിർദേശം നൽകി. ഇതുപ്രകാരം തോക്കേന്തിയ പോലീസുകാർ ഇവരുടെ കൂടെയുണ്ടാകും. പൊതുപരിപാടികളിലും യാത്രകളിലും പോലീസ് ഇവരെ അനുഗമിക്കും. ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിക്കും വൈ കാറ്റഗറി സുരക്ഷ നിലവിലുണ്ട്. ബിജെപി ദേശീയസമിതി അംഗം പി.കെ. കൃഷ്ണദാസിനും സുരക്ഷയുണ്ട്. സിപിഎം, ആർഎസ്എസ് നേതാക്കൾക്കു പുറമെ കോൺഗ്രസ് നേതാവ് കെ. സുധാകരൻ, അഴീക്കോട് എംഎൽഎ കെ.എം. ഷാജി, മുൻ എംഎൽഎ എ.പി. അബ്ദുള്ളക്കുട്ടി എന്നിവർക്കും പോലീസ് സംരക്ഷണമുണ്ട്.
ജില്ലയിൽ വ്യാപകമാകുന്ന കൊലപാതക അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പാർട്ടി ഗ്രാമങ്ങളിലും വിവിധ രാഷ്ട്രീയപാർട്ടികളുടെ ശക്തികേന്ദ്രങ്ങളിലും പോലീസ് നിരീക്ഷണം ശക്തമാക്കാനും സുരക്ഷാ നടപടികൾ കർശനമാക്കാനും ഡിജിപി ഉത്തരവ് നൽകികഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ വാഹനപരിശോധനകളും പോലീസ് പട്രോളിംഗും ശക്തമാക്കി. നേതാക്കളും പ്രധാന പ്രവർത്തകരും പോലീസ് നിരീക്ഷണത്തിലാണ്. ക്രിമിനലുകളുടെയും കുറ്റവാളികളുടെയും നീക്കങ്ങളും ഇവരുടെ രാഷ്ട്രീയ ബന്ധങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. ജില്ലയിൽ സംഘർഷസാധ്യതയുണ്ടെന്ന രഹസ്യാന്വേഷണവിഭാഗം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാക്രമീകരണങ്ങൾ വർധിപ്പിക്കാൻ പോലീസ് തീരുമാനിച്ചത്.
കണ്ണൂർ, തലശേരി, പാനൂർ എന്നിവിടങ്ങളിൽ നേരത്തെ തന്നെ പോലീസ് കൺട്രോൾ റൂം തുറന്നിട്ടുണ്ട്. പയ്യന്നൂർ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ പയ്യന്നൂരിൽ പോലീസ് കൺട്രോൾ റൂം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവി ശിവവിക്രം ഡിജിപിക്ക് സന്ദേശം അയച്ചിരുന്നു. രണ്ടുദിവസത്തിനുള്ളിൽ പയ്യന്നൂർ പോലീസ് കൺട്രോൾ റൂം തുറക്കുമെന്നു ഡിജിപി പറഞ്ഞു. പയ്യന്നൂരിൽ സ്ഥിതി സ്ഫോടാനാത്മകമെങ്കിലും നിയന്ത്രണവിധേയമാണ്.
160 ഓളം പോലീസുകാർ മേഖലയിൽ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് സുരക്ഷാസന്നാഹം ഒരുക്കിയിട്ടുള്ളത്. തളിപ്പറന്പ് ഡിവൈഎസ്പി കെ.വി. വേണുഗോപാൽ, സിഐ പി.കെ. സുധാകരൻ എന്നിവരുടെ നേതൃത്വത്തിൽ വ്യാപകമായ റെയ്ഡുകൾ നടത്തുന്നുണ്ട്.
സിപിഎം ജില്ലാസെക്രട്ടറി പി. ജയരാജൻ നയിക്കുന്ന മേഖലാജാഥയ്ക്ക് പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയിൽ അക്രമസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പോലീസ് നിതാന്ത ജാഗ്രത പുലർത്തുന്നുണ്ടെങ്കിലും ജനങ്ങളുടെ മനസിൽ ഭയം വിട്ടൊഴിഞ്ഞിട്ടില്ല.