കണ്ണൂർ: കണ്ണൂർ ജില്ലയിലെ സിനിമാ തീയേറ്ററുകൾ ഇന്നലെ പോലീസുകാരുടെ നിയന്ത്രണത്തിലായിരുന്നു. ക്രമസമാധാന പ്രശ്നമല്ലായിരുന്നു കാരണം. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ഫഹദ് നായകനായ “തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിന്റെ റിലീസ് ദിവസമായിരുന്നു ഇന്നലെ. ഈ ചിത്രമാണ് പോലീസ് നിയന്ത്രണത്തിലായത്. കാരണം, മറ്റൊന്നുമല്ല ചിത്രത്തിൽ അഭിനയിച്ചിരിക്കുന്ന പോലീസുകാരെല്ലാം കണ്ണൂരിലേയും കാസർഗോട്ടെയും വിവിധ സ്റ്റേഷനുകളിൽ ജോലി ചെയ്യുന്ന ഒറിജിനൽ പോലീസുകാരാണ്.
ചിത്രത്തിൽ എഎസ്ഐ ആയി വേഷമിടുന്ന അലെൻസിയർ മാത്രമാണ് വേഷമിട്ട ഏക പോലീസുകാരൻ. ബാക്കിയെല്ലാവരും ഒറിജിനൽ പോലീസുകാരാണ്. ജീവിതത്തിൽ മാത്രം പോലീസ് വേഷം അഭിനയിച്ചിട്ടുള്ള തങ്ങളുടെ വെള്ളിത്തിരയിലെ അഭിനയം കാണാൻ ഇന്നലെ രാവിലെ മുതൽ അഭിനയിച്ചവരും ഇവരുടെ സഹപ്രവർത്തകരും കുടുംബാംഗങ്ങളും തീയേറ്ററുകൾ കീഴടക്കിയിരുന്നു. ചിലർ രണ്ടു തവണവരെ സിനിമ കണ്ടു. കാസർഗോഡ് ജില്ലയിലെ ഷേണി പോലീസ് സ്റ്റേഷനിലെ പോലീസുകാരായാണ് ഇവർ അഭിനയിക്കുന്നത്.
ചിത്രത്തിൽ കണ്ണൂർ ക്രൈംഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി മധു സിഐയായും കാസർഗോഡ് ആഡൂർ സിഐ സിബി തോമസ് എസ്ഐയായും വേഷമിടുന്നു. കണ്ണൂർ ടൗൺ സ്റ്റേഷനിലെ ശിവദാസ്, സഞ്ജയ് കണ്ണാടിപ്പറന്പ്, ഡോഗ് സ്ക്വാഡിലെ ബാബു രാജ്, ടെലികമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ അരവിന്ദൻ, കൺട്രോൾ റൂമിലെ ജിജേഷ് തന്പാൻ, കുടിയാൻമല സ്റ്റേഷനിലെ സന്ദാനന്ദൻ, പാനൂർ സ്റ്റേഷനിലെ സുകുമാരൻ, ഇരിട്ടി സ്റ്റേഷനിലെ മഹേഷ്, മാങ്ങാട്ടുപറന്പ് കെഎപി ബറ്റാലിയനിലെ ശ്രീലേഷ്, സോമരാജ് എന്നിവരാണ് കണ്ണൂർ ജില്ലയിൽ നിന്ന് അഭിനയിച്ചത്. ഷേണി സ്റ്റേഷനിലെ റൈറ്ററായി അഭിനയിക്കുന്ന കണ്ണൂർ ടൗൺ സ്റ്റേഷനിലെ ശിവദാസ് ചിത്രത്തിൽ മികച്ച വേഷം ചെയ്യുന്നുണ്ട്.
കാസർഗോഡ് ജില്ലയിൽ നിന്നും ഏഴു പേരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. വിദ്യാനഗർ പോലീസ് സ്റ്റേഷനിലെ ടി.വി.ഷീബ, രാജപുരം സ്റ്റേഷനിലെ ടി.സരള, തൃക്കരിപ്പൂർ കോസ്റ്റൽ സ്റ്റേഷനിലെ ബാബുദാസ് കോടോത്ത്, എആർ ക്യാംപിലെ അശോകൻ കള്ളാർ, സജിത്ത് പടന്ന മഞ്ചേശ്വരം സ്റ്റേഷനിലെ ചരാവതി എന്നിവരാണ് സിനിമയിൽ അഭിനയിച്ച പോലീസുകാർ. പോലീസ് ഉദ്യോഗസ്ഥന്റെ മാനസിക സംഘർഷങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.
സർക്കാരിന്റെ പ്രത്യേക അനുവാദം വാങ്ങിയും അവധി എടുത്തുമാണ് പോലീസുകാർ സിനിമയിൽ അഭിനയിച്ചത്. സിനിമയിൽ ഒറിജിനൽ പോലീസുകാർ വേണമെന്ന് സംവിധായകൻ ദിലീഷ് പോത്തൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ആയിരത്തോളം പേർ പങ്കെടുത്ത ഒഡീഷൻ ടെസ്റ്റിൽ നിന്നും 23 പോലീസുകാരെയാണ് ചിത്രത്തിനു വേണ്ടി സംവിധായകൻ കണ്ടെത്തിയത്. 15 ദിവസമായിരുന്നു അഭിനയ പരിശീലനം. 30 ദിവസമായിരുന്നുചിത്രത്തിന്റെ ഷൂട്ടിംഗ്.
മഹേഷിന്റെ പ്രതികാരം എന്ന സൂപ്പർഹിറ്റിന് ശേഷം ഫഹദും ദിലീഷ് പോത്തനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സുരാജ് വെഞ്ഞാറമൂട് ആണ് ചിത്രത്തിലെ മറ്റൊരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പുതുമുഖം നിമിഷയാണ് നായിക. സംവിധായകകുപ്പായം അഴിച്ച് വച്ച് രാജീവ് രവി ഈ ചിത്രത്തിന് കാമറ ചലിപ്പിക്കാനെത്തുന്നു എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത.