ആലപ്പുഴ: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സമീപ ദിവസങ്ങളിൽ നടന്ന രാഷ്ട്രീയ സംഘർഷങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതികളായവരെ പിടികൂടുന്ന കാര്യത്തിൽ പോലീസ് നിഷ്ക്രിയത്വം കാണിക്കുന്നതായാക്ഷേപം. കേസിലെ പ്രതികളായ സിപിഎം പ്രവർത്തകരെ പിടികൂടുന്ന കാര്യത്തിലാണ് പോലീസ് ഒളിച്ചുകളിക്കുന്നതെന്ന് ആക്ഷേപമുയർന്നിരിക്കുന്നത്.
ജില്ലാ കോണ്ഗ്രസ് കമ്മറ്റിക്കും ബിജെപിക്കുമൊപ്പം ഇടതുമുന്നണിയിലെ ഘടകകക്ഷിയും ഈ ആക്ഷേപം ഉന്നയിച്ചതോടെ ജില്ലയിലെ സിപിഎം നേതൃത്വം പ്രതിരോധത്തിലായി. കഴിഞ്ഞദിവസങ്ങളിൽ ജില്ലയിലെ കോളജുകളിൽ യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പലയിടങ്ങളിലും വിദ്യാർഥി സംഘടനാ പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിവിധ വിദ്യാർഥി സംഘടന പ്രവർത്തകർക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു.
എസ്എഫ്ഐ ഒഴികെയുള്ള വിദ്യാർഥി സംഘടനകളുടെ പ്രവർത്തകരെ സംഭവം നടന്നു ദിവസങ്ങൾക്കുള്ളിൽ പോലീസ് പിടികൂടിയെങ്കിലും എസ്എഫ്ഐ പ്രവർത്തകർ പ്രതികളായ കേസുകളിൽ മൃദുസമീപനമാണ് പോലീസ് സ്വീകരിക്കുന്നതെന്നാണ് ആക്ഷേപമുയർന്നിരിക്കുന്നത്. യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ കഐസ്യു നേതാവിനെ സന്ദർശിച്ചു മടങ്ങിയ യൂത്ത് കോണ്ഗ്രസ് മണ്ഡലം പ്രസിഡൻറിനുനേരെ ബൈക്കിലെത്തിയ സംഘം നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ ഒരാളെയാണ് പോലീസ് പിടികൂടിയത്.
തന്നെ അക്രമിച്ചവരുടെ പേരടക്കം വനിത നേതാവ് മൊഴിയായി നൽകിയിട്ടും ബന്ധപ്പെട്ട വകുപ്പുകൾ ചേർത്തു കേസെടുക്കുന്നതിനോ പ്രതികളെ പിടികൂടുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് പോലീസ് തയാറായിട്ടില്ലെന്നാണ് ആക്ഷേപം. ഇതിനെതിരെ കഴിഞ്ഞദിവസം മഹിളാ കോണ്ഗ്രസ് ജില്ലാ കമ്മറ്റി നേതൃത്വത്തിൽ എസ്പി ഓഫീസിലേക്ക് മാർച്ചും സംഘടിപ്പിച്ചിരുന്നു.
ബിജെപിയുടെ ജനരക്ഷാമാർച്ചുമായി ബന്ധപ്പെട്ട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രചരണ സാമഗ്രികൾ നശിപ്പിച്ചതു സംബന്ധിച്ച് പോലീസിൽ പരാതി നൽകിയെങ്കിലും യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്ന് ജില്ലാ പ്രസിഡൻറ് കെ. സോമൻ പറഞ്ഞു. ചേർത്തല പോലീസ് കണ്ട്രോൾ റൂമിന് സമീപമാണ് പ്രചരണ സാമഗ്രികൾ നശിപ്പിച്ചത്. ഇതിലെ പ്രതികളെ പിടികൂടാനുള്ള യാതൊരു ശ്രമവും പോലീസിൻറെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.
ഇതിനിടയിലാണ് ഇടതുമുന്നണിയിലെ പ്രധാന ഘടകകക്ഷിയായ സിപിഐയുടെ കഞ്ഞിക്കുഴിയിലെ പ്രാദേശിക നേതാവിനും കുടുംബത്തിനും നേരെ ഡിവൈഎഫ്ഐയുടെ വീടുകയറി ആക്രമണമുണ്ടായത്. സിപിഐ സംസ്ഥാന കമ്മറ്റിയംഗത്തിൻറെ വീടിനു സമീപത്തായായിരുന്നു സംഭവം. പ്രദേശികമായി കുറച്ചുദിവസങ്ങളായി പുകഞ്ഞുകൊണ്ടിരുന്ന വിഷയം അക്രമത്തിൽ കലാശിക്കുകയായിരുന്നു. മയക്കുമരുന്നിനെതിരായ പ്രചരണത്തിന് നേതൃത്വം നൽകിയതിനാണ് ലോക്കൽ കമ്മറ്റി സെക്രട്ടറിക്കു നേരെ ആക്രമണമുണ്ടായതെന്നാണ് സിപിഐയുടെ വാദം.
സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടെങ്കിലും പ്രതികളെ പിടികൂടാൻ കാര്യക്ഷമമായ ഒരു ഇടപെടലും പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകാത്തത് സിപിഐ പ്രവർത്തകർക്കിടയിൽ വ്യാപക പ്രതിഷേധമാണ് ഉയർത്തിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സിപിഐ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ പോലീസിന് ശന്പളം നൽകുന്നത് സിപിഎം അല്ല സർക്കാരാണെന്നാണ് സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് പറഞ്ഞത്.
സിപിഎം പ്രവർത്തകർ പ്രതികളായ കേസുകളിൽ സാങ്കേതികത്വം അടക്കം പറഞ്ഞ് പ്രതികളെ പിടികൂടാത്ത സമീപനമാണ് ജില്ലയിൽ പോലീസ് സ്വീകരിക്കുന്നതെന്ന് വ്യാപക ആക്ഷേപമാണ് ഉയർന്നിരിക്കുന്നത്. ബിജെപിയും കോണ്ഗ്രസും ഇത് പ്രത്യക്ഷത്തിൽ ഉന്നയിക്കുന്പോൾ എൽഡിഎഫിലെ മറ്റ് ഘടകകക്ഷികൾ തങ്ങളുടെ ഉന്നത നേതൃത്വത്തിൽ വിവരം ധരിപ്പിച്ചിരിക്കുകയാണ്. സിപിഎം പ്രവർത്തകരെ പിടികൂടി ഉന്നത നേതാക്കളുടെ കണ്ണിനു കരടാകേണ്ടായെന്ന പോലീസ് ഉദ്യോഗസ്ഥരുടെ മനോഭാവമാണ് ഇതിനു പിന്നിലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.