കെ. ഷിന്റുലാല്‍
കോഴിക്കോട്: ലോക്ഡൗണില്‍ സര്‍ക്കാര്‍ അനുവദിച്ച ഇളവുകള്‍ സംബന്ധിച്ച് പോലീസുകാരെ മലയാളത്തില്‍ പറഞ്ഞ് ബോധ്യപ്പെടുത്തണമെന്ന് ഡിജിപി.
എല്ലാവിധ സര്‍ക്കാര്‍ -സ്വകാര്യ നിര്‍മാണ പ്രവൃത്തികളും അനുവദിക്കപ്പെട്ടതാണെന്നും യാതൊരു കാരണവശാലും തടസപ്പെടുത്താന്‍ പാടുള്ളതല്ലെന്നും സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടും പോലീസുകാര്‍ ഇത് പരസ്യമായി ലംഘിക്കുകയാണ്.
ഈ സാഹചര്യത്തിലാണ് ജില്ലാ പോലീസ് മേധാവിമാര്‍ എല്ലാ റാങ്കിലുമുള്ള ഉദ്യോഗസ്ഥര്‍ക്കായി മലയാളത്തില്‍ വ്യക്തമായ നിര്‍ദേശം നല്‍കണമെന്ന് ഡിജിപി ലോക്നാഥ് ബഹ്റ ഉത്തരവിറക്കിയത്.
ഡിജിപിക്ക് വേണ്ടി ഹെഡ്ക്വാട്ടേഴ്സ് എഡിജിപിയാണ് പുതിയ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.പോലീസിന്റെ പരിശോധനക്കെതിരേ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും വ്യാപകപരാതികളാണ് ഉയരുന്നത്.
പോലീസ് ഓഫീസര്‍മാര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വരെ തടസപ്പെടുത്തുകയാണ്.
കൂടാതെ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്ന സ്ഥലങ്ങളിലേക്ക് തൊഴിലാളികളെ എത്തിക്കുന്ന ബസുകളും മറ്റു വാഹനങ്ങളും തടയുന്നുണ്ട്. ഇത് സംബന്ധിച്ച് വ്യാപക പരാതിയുണ്ടെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പോലീസിന്റെ ഇത്തരം പ്രവൃത്തി മുന്‍ വര്‍ഷത്തേതുപോലെ അന്യസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ പാലായനം ചെയ്യുന്ന സ്ഥിതി വിശേഷത്തിലേക്ക് നയിക്കുമെന്നും ഡിജിപി മുന്നറിയിപ്പ് നല്കി.
സംസ്ഥാനത്തെ ദോഷകരമായി ബാധിക്കാവുന്ന ഗുരുതരമായ സാമൂഹിക സാമ്പത്തിക പ്രത്യാഘാതങ്ങള്‍ക്ക് ഇത് ഇടവരുത്തുമെന്നും സര്‍ക്കുലറിലുണ്ട്.
നിലവിലുള്ള കോവിഡ് നിയന്ത്രണ ഉത്തരവ് പ്രകാരം എല്ലാ വിധ സര്‍ക്കാര്‍ -സ്വകാര്യ നിര്‍മാണ പ്രവൃത്തികളും അനുവദിക്കപ്പെട്ടതാണ്.
കൃത്യമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തൊഴിലാളികളെ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്ന സ്ഥലങ്ങളിലേക്കും തിരിച്ചും എത്തിക്കുന്ന എല്ലാ വാഹനങ്ങളേയും അനുവദിച്ചിട്ടുള്ളതിനാല്‍ യാതൊരു കാരണവശാലും തടസപ്പെടുത്താന്‍ പാടുള്ളതല്ല.
നിര്‍മാണ സാമഗ്രികളുടെ സുഗമമായ വിതരണത്തിന് അത് വില്‍ക്കുന്ന കടകളേയും തുറന്ന് പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കണം. സംസ്ഥാനമൊട്ടാകെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതില്‍ ഏകീകൃത സ്വഭാവം പാലിക്കണം.
ജില്ലാ പോലീസ് മേധാവിമാര്‍ പ്രതിദിന അവലോകനത്തി (സാട്ട)ലൂടെയും ഇക്കാര്യം വിശദമായി പരാമര്‍ശിക്കണമെന്നും സര്‍ക്കുലര്‍ പരാമര്‍ശിച്ചിട്ടുണ്ട്.