കോട്ടയം: വാഹന പരിശോധനയ്ക്കിടയിൽ ബൈക്കിടിച്ചു പരിക്കേറ്റ എസ്ഐ ചികിത്സയിൽ. ഈരാറ്റുപേട്ട സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്ഐ വി.ബി. അനസിനാണ് പരിക്കേറ്റത്.
ഇന്നലെ ഉച്ചയ്ക്ക് ഈരാറ്റുപേട്ട മുട്ടം ജംഗ്ഷനിലാണ് സംഭവം. ബാരിക്കേഡ് വച്ചു വാഹന പരിശോധന നടത്തുന്നതിനിടയിൽ അമിത വേഗതയിൽ എത്തിയ ബൈക്കിനു പോലീസ് കൈകാണിച്ചിട്ടും നിർത്താതെ എത്തിയ ബൈക്ക് എസ്ഐയെ ഇടിക്കുകയായിരുന്നു.
തുടർന്ന് നിർത്താതെ ബൈക്ക് ഓടിച്ചു പോയാളെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടികൂടി. മൂന്നിലവ് കാഞ്ഞിരപ്പാറയിൽ രാജേഷി (41)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പോലീസിന്റെ ജോലിയ്ക്കു തടസമുണ്ടാക്കിയതിനും മനഃപൂർവമല്ലാത്ത നരഹത്യയ്ക്കുമാണ് കേസെടുത്തിരിക്കുന്നത്. എസ്ഐയുടെ കാൽമുട്ടിനും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും പരിക്കുണ്ട്.