കോട്ടയം: തെരഞ്ഞെടുപ്പ് കഴിഞ്ഞു ഫലവും വന്നു സർക്കാർ അധികാരമേറ്റ് ഒരു മാസം പിന്നിട്ടിട്ടും തെരഞ്ഞെടുപ്പിനെ തുടർന്നു സ്ഥലം മാറ്റിയ പോലീസ് ഉദ്യോഗസ്ഥർക്കു തിരികെ നിയമനം നൽകിയില്ല.
ഏപ്രിലിൽ നടന്ന നിയമസഭാ തെരഞ്ഞടുപ്പിനു മുന്നോടിയായി പെരുമാറ്റച്ചട്ടം പുറത്തിറങ്ങിയതോടെയാണ് കഴിഞ്ഞ ഫെബ്രുവരിയിൽ ജില്ലയിൽനിന്നും എസ്ഐ മുതൽ ഡിവൈഎസ്പി റാങ്ക് വരെയുള്ള ഉദ്യോഗസ്ഥർക്കു സ്ഥലം മാറ്റം നൽകിയത്.
ജില്ലയിലുള്ള കൂടുതൽ ഉദ്യോഗസ്ഥർക്കും തിരുവന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളിലേക്കാണ് നിയമനം നൽകിയത്. ഇവർക്കു പകരമായി തിരുവനന്തപുരം ജില്ലയിൽനിന്നുള്ള ഉദ്യോഗസ്ഥരാണ് കോട്ടയത്തേക്ക് എത്തിയതും.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിക്കുന്പോൾ തിരികെ നിയമനം നൽകണമെന്നു കമ്മീഷൻ നിർദേശിച്ചിരുന്നു. അത് ഇന്നുവരെ നടപ്പായിട്ടില്ല.
ഇക്കാര്യത്തിൽ പോലീസ് സേനയിൽനിന്നും പോലീസ് അസോസിയേഷനുകളിൽനിന്നും വലിയ തോതിൽ ആവശ്യമുയർന്നിട്ടും അധികൃതരുടെ ഭാഗത്ത നിന്നും യാതൊരു നടപടിയുമുണ്ടായിട്ടില്ല.
മക്കളെയും കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവരെയും ദിവസങ്ങളായി കാണാൻ സാധിക്കാതെ ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരുടെ മാനസിക സമ്മർദവും ഏറിയിരിക്കുകയാണ്.
ഒട്ടുമിക്ക സ്ഥലങ്ങളിലും ജോലി ചെയ്യുന്നവർക്കു ലോക്ഡൗണിന്റെ ഭാഗമായ ചുമതലകളുണ്ടായിരുന്നതിനാൽ വീട്ടിലെത്താനോ അവധിയെടുക്കാനോ കഴിഞ്ഞിട്ടില്ല.
ചുരുക്കത്തിൽ തെഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും തുടർന്നു വന്ന കോവിഡ് വ്യാപനവും മൂലം പണികിട്ടിയിരിക്കുന്നതു പോലീസ് ഉദ്യോഗസ്ഥർക്കാണ്.
ഇതിനു പുറമെ പഴയ യൂണിറ്റുകളിൽ ഇവർ അന്വേഷിച്ചു കൊണ്ടിരുന്ന പല കേസുകളും മുന്നോട്ട് പോയിട്ടില്ല.ഉദ്യോഗസ്ഥർക്ക് 32 കിലോമീറ്ററിലധികം ദൂരത്തുള്ള യൂണിറ്റിലേക്കാണ് സ്ഥലം മാറ്റം ലഭിക്കുന്നതെങ്കിൽ എഴു ദിവസം വരെ ജോയിനിംഗ് ലീവ് എടുക്കാൻ അർഹതയുണ്ട്.
മറ്റു ജില്ലകളിൽ ജോലി ചെയ്യുന്നവർ പഴയ ജില്ലകളിലേക്കു തിരികെ മടങ്ങുന്പോൾ ഉദ്യോഗസ്ഥർ അവധിയിൽ പോകുമെന്നും ഇതു കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾക്കു തിരിച്ചടിയാകുമെന്നുള്ള ആശങ്കയിലാണ് തിരികെ നിയമനം നല്കാത്തതെന്നാണ് സൂചന.
സംസ്ഥാനത്ത് പുതിയ പോലീസ് മേധാവിയെ നിയമിക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ. പുതിയ ഡിജിപി എത്തുന്പോൾ പോലീസിൽ അഴിച്ചുപണിക്കുള്ള സാധ്യതയും കൂടുതലാണ്.
ഇതിനുശേഷം ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റങ്ങൾ നടത്തിയാൽ മതിയെന്നാണ് സർക്കാർ തലത്തിലുള്ള ആലോചന. അടിയന്തരമായി പോലീസ് ഉദ്യോഗസ്ഥർക്ക് പഴയ ജില്ലകളിലേക്ക് സ്ഥലം മാറ്റം നല്കണമെന്ന ആവശ്യം പോലീസ് ഉദ്യോഗസ്ഥർ ശക്തമായിരിക്കുകയാണ്.