മുക്കം: പോലീസ് സ്റ്റേഷൻ പരിസരത്ത് മകനോടൊപ്പം താമസിക്കുന്ന വിധവയായ വീട്ടമ്മയെ വീട്ടിൽ കയറി മാനഭംഗപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ പിടികൂടാനായില്ല.
സംഭവം നടന്ന് അഞ്ച് ദിവസം കഴിഞ്ഞിട്ടും ഏറെ ഗുരുതരമായ ഈകേസിൽ പ്രതിയെ പിടികൂടാത്തതിനെതിരെ പ്രതിഷേധവും വ്യാപകമായിട്ടുണ്ട്.
ഇക്കഴിഞ്ഞ 30 നാണ് സംഭവം. അന്ന് തന്നെ വീട്ടമ്മ മുക്കം പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയിരുന്നു. വീട്ടമ്മയേയും മകനേയും കൂട്ടി പോലീസ് പ്രതിയെ കണ്ട് തിരിച്ചറിയുകയും ചെയ്തിരുന്നു.
തുടർന്ന് സ്റ്റേഷനിൽ വെച്ച് പ്രതിയുടെ ഫോണും പോലീസ് വാങ്ങി വെച്ചതായും വീട്ടമ്മ പറയുന്നു. പിറ്റേ ദിവസം രാവിലെ 9.30 ഒടെയാണ് കേസിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. ഈ എഫ് ഐ ആറിൽ വലിയ അപാകതയുണ്ടന്നും പരാതിക്കാരി പറയുന്നു.
പ്രതിയുടെ പേരും വയസും തെറ്റായാണ് രേഖപ്പെടുത്തിയതെന്നും ഇവർ ആരോപിക്കുന്നു.തുടർന്നും സംഭവസ്ഥലത്ത് വരികയോ അന്വേഷണം നടത്തുകയോ പോലീസ് ചെയ്തിട്ടില്ല. അതിനിടെ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിയുടെ ബന്ധുക്കൾ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്നതായും പരാതിക്കാരിയായ വീട്ടമ്മ പറയുന്നു.
പോലീസ് അന്വേഷണം മന്ദഗതിയിലായതോടെ വീട്ടമ്മയുടെ വീട് ഉൾക്കൊള്ളുന്നസ്പന്ദനം റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് എ.വി. സുധാകരൻ സ്റ്റേഷനിലെത്തി അന്വേഷണം ഊർജിതമാക്കണമെന്നും പ്രതിക്ക് കർശനശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. നിവേദനവും നൽകിയിരുന്നു.
അതിന് ശേഷം മാത്രമാണ് പോലീസ് പരാതിക്കാരിയുടെ വീട്ടിലെത്തി അന്വേഷണം നടത്താൻ പോലും തയാറായത്.