സ്വന്തംലേഖകന്‍
കോഴിക്കോട് : പോലീസ് സേനയില്‍ മേലുദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടാവുന്ന മനുഷ്യാവകാശ ലംഘനത്തെ കുറിച്ച് സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയ പോലീസുകാരനെതിരേ അന്വേഷണത്തിന് ഉത്തരവ്.
കല്ലൂര്‍ക്കാട് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ ഷിബുജോസിനെതിരേയാണ് വാക്കാലല്ലാത്ത അന്വേഷണത്തിന് എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കാര്‍ത്തിക് ഉത്തരവിട്ടത്.
സമൂഹമാധ്യമങ്ങളില്‍ പോലീസുകാര്‍ പാലിക്കേണ്ട അച്ചടക്ക നടപടിയെ കുറിച്ച് 2015 ല്‍ ഡിജിപി പുറത്തിറക്കിയ സര്‍ക്കുലറിന് വിരുദ്ധമാണെന്നും പോലീസ് സേനയുടെ അന്തസിന് കളങ്കം വരുത്തുന്നതാണെന്നും വ്യക്തമാക്കികൊണ്ടുള്ള അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വാക്കാലല്ലാത്ത അന്വേഷണത്തിന് പുത്തന്‍വേലിക്കര ഇന്‍സ്പെക്ടറെ ചുമതലപ്പെടുത്തി ജില്ലാ പോലീസ് മേധാവി ഉത്തരവിട്ടത്. ഏഴ് ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
വാക്കാലല്ലാത്ത അന്വേഷണമായതിനാല്‍ സാക്ഷിമൊഴികള്‍ ആവശ്യമില്ല. രേഖകളുടെ അടിസ്ഥാനത്തില്‍ മാത്രം അന്വേഷണം നടത്തിയാല്‍ മതി. പോലീസ് ഉദ്യോഗസ്ഥരില്‍ ആത്മഹത്യാ കൂടുന്നതിനെ പറ്റി ഡിജിപിക്ക് പരാതി കൊടുത്തതിന്റെ പേരില്‍ ഷിബുവിനെതിരേ നേരത്തെ അച്ചടക്ക നടപടിയും സ്വീകരിച്ചിരുന്നു.
സേനയില്‍ അമര്‍ഷം
അനീതി പരസ്യമാക്കുന്ന പോലീസുകാര്‍ക്കെതിരേയുള്ള നടപടിയില്‍ സേനയിലെ ഒരു വിഭാഗത്തിന് അമര്‍ഷമുണ്ട്. നേരത്തെ കോഴിക്കോട് സിറ്റി പോലീസിലെ സിവില്‍ പോലീസ് ഓഫീസറായ ഉമേഷ് വള്ളിക്കുന്നിനെതിരേയും സമാനമായ രീതിയില്‍ അന്വേഷണം നടത്തുകയും നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.
അഭിപ്രായ സ്വാതന്ത്ര്യമെന്ന നിലയിലാണ് പോലീസിനുള്ളിലെ അനീതികള്‍ ചൂണ്ടിക്കാണിക്കാന്‍ ചിലര്‍ രംഗത്തെത്തുന്നതെന്നാണ് പോലീസുകാര്‍ പറയുന്നത്.അച്ചടക്ക ലംഘനമെന്ന പേരിലും സേനയുടെ അന്തസിന് കളങ്കം വരുത്തുന്നതാണെന്നും പറഞ്ഞ് പോലീസുകാര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നത് അടിച്ചമര്‍ത്തലിന്റെ ഭാഗമാണെന്നാണ് സേനാംഗങ്ങള്‍ പറയുന്നത്.
മേലുദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുള്ള പ്രശ്നങ്ങള്‍ക്ക് പലപ്പോഴും താഴെകിടയിലുള്ള സേനാംഗങ്ങള്‍ക്ക് നീതി ലഭിക്കാറില്ല. ക്വാട്ട തികകയ്ക്കാനും മറ്റും കര്‍ശന നിര്‍ദേശങ്ങള്‍ മേലുദ്യോഗസ്ഥര്‍ നല്കുമ്പോഴും പ്രതികരിക്കാതിരിക്കുന്നത് ഇത്തരം നടപടികള്‍ ഭയന്നാണ്.
പോലീസിനുള്ളില്‍ സേനാംഗങ്ങള്‍ നേരിടുന്ന മാനസിക സമ്മര്‍ദ്ധങ്ങളെ തുടര്‍ന്നാണ് പലപ്പോഴും പൊതുജനങ്ങളുമായുള്ള പ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കുന്നതെന്നും പോലീസുകാര്‍ വ്യക്തമാക്കി.
മേലുദ്യോഗസ്ഥര്‍ക്ക് മുറിവേറ്റ പോസ്റ്റ്
മനുഷ്യാവകാശം സംരക്ഷിക്കാന്‍ പോലീസ് അഹോരാത്രം പ്രവര്‍ത്തിക്കുമ്പോള്‍ സേനയില്‍ നടക്കുന്നത് നഗ്നമായ മനുഷ്യാവകാശ ലംഘനമാണെന്ന് വ്യക്തമാക്കിയായിരുന്നു ഷിബുവിന്റെ പോസ്റ്റ്. ഞാന്‍ ജോലി ചെയ്യുന്ന ജില്ലയില്‍ കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് അഞ്ചു പോലീസ് ഉദ്യോഗസ്ഥര്‍ ആത്മഹത്യ ചെയ്തു.
തുടര്‍ച്ചയായ ഡ്യൂട്ടിയും വിശ്രമം ഇല്ലാത്ത അവസ്ഥകളും മാനസിക പീഡനങ്ങളും നിസാര കാര്യങ്ങള്‍ക്ക് പോലും അച്ചടക്ക നടപടികളും അത്യാവശ്യ കാര്യങ്ങള്‍ക്ക് പോലും അവധി കിട്ടാത്തതും പോലീസ് ഉദ്യോഗസ്ഥരെ നിസഹായ അവസ്ഥയിലേക്ക് തള്ളി വിടുന്നു.
പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സഹായകമായ ഉത്തരവുകള്‍ സേനയില്‍ മനപ്പൂര്‍വം നടപ്പിലാക്കപ്പെടുന്നില്ല. പോലീസ് സേനാംഗങ്ങളുടെ മാനസിക സംഘര്‍ഷം കുറയ്ക്കാന്‍,അതിന് ഉതകുന്ന രീതിയില്‍ സാഹചര്യം സൃഷ്ടിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണം.
പോലീസുകാര്‍ കാണാന്‍ ചെന്നാല്‍ വൈകിട്ട് വരെ നിറുത്തുകയും മോശമായി സംസാരിക്കുകയും ചെയ്യുന്ന മേലുദുഗസ്ഥര് ഉള്ളപ്പോള്‍ ഇതുകൊണ്ട് ഒന്നും യാതൊരു കാര്യവും ഇല്ല. ആത്മവിശ്വാസം പോലീസ് സേനാംഗങ്ങളില്‍ വര്‍ധിക്കുന്ന വിധം പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കണമെന്നതുള്പ്പെടെയുള്ള വിശദമായ കുറിപ്പായിരുന്നു ഷിബു സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്.