ആലുവ: സംഘപരിവാര ആശയങ്ങളോട് അനുഭാവമുള്ളവര്‍ പോലിസ് സേനയില്‍ വര്‍ധിച്ചുവരുന്നതില്‍ ആശങ്കയുമായി കോൺഗ്രസ്.
ആലുവയിൽ സ്ത്രീധന പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ നിയമ വിദ്യാർത്ഥിനിക്ക് നീതി തേടി കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ സമരത്തിനെതിരേ തീവ്രവാദ ബന്ധം ആരോപിച്ച് കോടതിയിൽ റിമാൻഡ് റിപ്പോർട്ട് നൽകിയത് പോലീസ് സേനയിലെ സംഘപരിവാർ സാന്നിധ്യം മൂലമാണെന്ന് തുറന്നടിച്ചു കൊണ്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തന്നെ രംഗത്തുവന്നിട്ടുണ്ട്.
കോൺഗ്രസുകാരെ തീവ്രവാദികളാക്കിയത് ബിജെപിയെ സഹായിക്കാനാണെന്ന് കെപിസിസി പ്രസിന്റ് കെ. സുധാകരനും പറഞ്ഞിരുന്നു. ഇതു കൂടാതെ അൻവർ സാദത്ത് എംഎൽഎ ഇന്നലെ ആലുവ പാലസിൽ മുഖ്യമന്ത്രിയെ നേരിൽ കണ്ട് ഈ വിഷയത്തിൽ ആശങ്കയറിയിച്ചു.
സമരത്തിൽ അക്രമം കാട്ടിയതിന്റെ പേരിൽ അറസ്റ്റിലായ മുസ്ലിം നാമധാരികളായ മൂന്നു പ്രവർക്കെതിരെ കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിലാണ് ഇവർക്ക് തീവ്രവാദ ബന്ധമുണ്ടോയെന്ന് അന്വേഷിക്കാൻ പോലീസ് കസ്റ്റഡി ആവശ്യപ്പെട്ടത്.
എന്നാൽ, കോടതി ഇത് പരിഗണിക്കാതെ പ്രതികൾക്ക് ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.കോൺഗ്രസിൻരെ സജീവ പ്രവർത്തകരായ ഇവർക്കെതിരെയുള്ള തീവ്രവാദ പരാമർശം ഏറെ പ്രതിഷേധമുണ്ടാക്കി.
ഗത്യന്തരമില്ലാതെ റിമാൻഡ് റിപ്പോർട്ട് തയ്യാറാക്കിയ ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്ഐ വിനോദിനെയും ഗ്രേഡ് എഎസ്ഐ രാജേഷിനെയും സസ്പെൻഡ് ചെയ്യുകയായിരുന്നു.
എന്നാൽ, റിപ്പോർട്ടിനു പിന്നിലെ ഉന്നത ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കണമെന്നാണ് അൻവർ സാദത്ത് എംഎൽഎ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായി സസ്പെൻഷനിലായ ഉദ്യോഗസ്ഥരുടെ മുഴുവൻ ഫോൺ രേഖകളും പരിശോധിക്കണമെന്നാണ് എംഎൽഎയുടെ മറ്റൊരാവശ്യം.
സമരം നടത്തിയതിന് അറസ്റ്റിലായവർക്കെതിരെ റിമാൻഡ് റിപ്പോർട്ടിൽ തീവ്രവാദകുറ്റം ആരോപിച്ച സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയതായി അൻവർ സാദത്ത് എംഎൽഎ രാഷ്ട്രദീപികയോട് പറഞ്ഞു.
സിപിഐ നേതാക്കളായ ഡി. രാജയും ആനി രാജയും നേരത്തെ ചൂണ്ടിക്കാട്ടിയത് പോലുള്ള അദൃശ്യ ഇടപെടലുകൾ പോലീസ് സേനയിൽ നടക്കുന്നുണ്ടോയെന്ന് അന്വേഷിക്കണമെന്നും എംഎൽഎ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.