കോട്ടയം: കഞ്ചാവും മറ്റു ലഹരി വസ്തുക്കളും കണ്ടെത്താൻ മൂന്നു ദിവസം 428 റെയ്ഡുകൾ നടത്തി കോട്ടയം പോലീസ് ചരിത്രം സൃഷ്ടിച്ചു. 21 കേസുകളാണ് രജിസ്റ്റർ ചെയ്തത്. നിരവധി പേർ അറസ്റ്റിലായി. കഞ്ചാവ്,ഹാൻസ് തുടങ്ങിയ ലഹരി വസ്തുക്കൾ പിടികൂടി. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ജില്ലയിലെ മുഴുവൻ പോലീസും ചേർന്ന് നടത്തിയ സ്പെഷൽ ഡ്രൈവിലാണ് കഞ്ചാവ് ഉൾപ്പെടെയുള്ള അനധികൃത ലഹരി വ്യാപാരം കണ്ടെത്താനായത്.
ജില്ലാ പോലീസ് മേധാവി ഹരിശങ്കർ റെയ്ഡുകൾക്ക് നേതൃത്വം വഹിച്ചു. കഞ്ചാവ് ഉപയോഗം വർധിച്ച സാഹചര്യത്തിലായിരുന്നു സ്പെഷൽ ഡൈവ് നടത്തിയത്. വിദ്യാർഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് മാഫിയ കുറെ നാളായി പ്രവർത്തനം ആരംഭിച്ചിട്ട്.
കുട്ടികളെ ലഹരിക്കടിമയാക്കി അവരെ കഞ്ചാവിന്റെ ഉപഭോക്താക്കളാക്കി മാറ്റുകയാണ് കഞ്ചാവ് മാഫിയയുടെ ലക്ഷ്യം. ഇതിനായി ഹുക്ക പോലുള്ള ഉപകരണങ്ങളിലൂടെ കുട്ടികൾക്ക് ആദ്യം ഒന്നും രണ്ടും പുക സൗജന്യമായി നല്കും. പിന്നീട് സാവധാനം കുട്ടികൾ ഇതിന് അടിമകളാകും.
ഇത്തരത്തിൽ കുട്ടികൾക്കിടയിൽ വ്യാപകമായി ലഹരിയുടെ സ്വാധീനം കടന്നു കൂടിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. പ്രായപൂർത്തിയാകാത്ത നിരവധി കുട്ടികളെ കഞ്ചാവുമായി പിടികൂടുകയും ചെയ്തു. ഇനിയും കൂടുതൽ റെയ്ഡുകൾ നടത്തി കഞ്ചാവ് മാഫിയുടെ അടിവേരറുക്കുമെന്നാണ് പോലീസ് മേധാവി പറയുന്നത്.