മാതൃകാ പോലീസ്…! നിലമ്പൂരില്‍ ആശുപത്രി രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പോലീസുവക ഭക്ഷണം

KNR-POLICEനിലമ്പൂര്‍: ജില്ലാ ആശുപത്രി രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഇനിയെല്ലാ മാസവും 30ന് ഭക്ഷണവുമായി എടക്കര പോലീസെത്തും. മൂത്തേടം നിര്‍മല്‍ ഭവനുമായി സഹകരിച്ചാണ് ഭക്ഷണം വിതരണം ചെയ്യുക. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ഇന്നലെ ഇതിനു തുടക്കമായി. എടക്കര എസ്‌ഐ സുനില്‍ പുളിക്കല്‍ നിര്‍മലഭവനിലെ ഫാ. രാജു തോട്ടത്തില്‍ എന്നിവരുടെ നേതൃത്വത്തിലാണ് കഞ്ഞിയും കൂട്ടുകറിയും അച്ചാറും നല്‍കിയത്.

എടക്കര സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ഹരിദാസ്, എഎസ്‌ഐ സന്തോഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ടോണി കാഞ്ഞിരപ്പാറ, ജഗദീഷ്, ബിന്ദുമാത്യു, ബാലകൃഷ്ണന്‍, അബൂബക്കര്‍, ജംഷാദ്, ഇ.വി. സുകേഷ്, വര്‍ഗീസ് എന്നിവരും പങ്കെടുത്തു. കഴിഞ്ഞ 13വര്‍ഷമായി ജില്ലാ ആശുപത്രിയിലെ രോഗികള്‍ക്ക് മൂത്തേടം നിര്‍മല്‍ഭവന്‍ 32ഓളം സൗഹൃദ കൂട്ടായ്മകളും ചേര്‍ന്ന് മുടങ്ങാതെ വൈകുന്നേരം 4.30മുതല്‍ 5.15 വരെ കഞ്ഞി നല്‍കുന്നുണ്ട്. ഈ സൗഹൃദ കൂട്ടായ്മയിലേക്കാണ് എടക്കര പോലീസും എത്തുന്നത്.

പോലീസുകാര്‍ സ്വന്തം കൈയില്‍ നിന്നു പണം സ്വരൂപിച്ച് അവര്‍ തന്നെ പാകം ചെയ്യുന്ന ഭക്ഷണമാണ് വിതരണത്തിന് എത്തിച്ചത്. എല്ലാമാസവും 30ാം തിയതി ഇനി ഭക്ഷണം നല്‍കുക എടക്കര പോലീസായിരിക്കുമെന്ന് എസ്‌ഐ സുനില്‍ പുളിക്കല്‍ പറഞ്ഞു.

Related posts