കോട്ടയം: വാടക വീട്ടില്‍ നിന്നും മൂന്നംഗ ഗുണ്ടാ സംഘത്തെ പോലീസ് വീട് വളഞ്ഞു പിടികൂടി. ഇവരുടെ പക്കല്‍ നിന്നും വടിവാള്‍ ഉള്‍പ്പെടെയുള്ള ആയുധശേഖരവും പിടിച്ചെടുത്തിട്ടുണ്ട്. ഇന്നു രാവിലെ എട്ടിനു വാകത്താനം നാലുന്നാക്കലിലാണു സംഭവം. ഗാന്ധിനഗര്‍ സ്റ്റേഷനില്‍ കാപ്പ ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസില്‍ പോലീസ് അന്വേഷിച്ചു വരുന്ന പ്രതിയായ അലോട്ടി, ഇയാളുടെ സുഹൃത്തുക്കളായ മറ്റു രണ്ടുപേരെയുമാണു പോലീസ് പിടികൂടിയത്.
അലോട്ടി നാലുന്നാക്കല്‍ കടുവാക്കുഴിയിലെ വാടക വീട്ടില്‍ ഒളിവില്‍ കഴിയുന്നതായി പോലീസിനു വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഏറ്റുമാനൂര്‍ സിഐ ഉള്‍പ്പെടെയുള്ള പോലീസ് സംഘം സ്ഥലത്ത് എത്തി വീടുവളയുകയായിരുന്നു. തുടര്‍ന്നു വാകത്താനം, ചിങ്ങവനം, തൃക്കൊടിത്താനം എന്നിവിടങ്ങളിലെ പോലീസിന്റെ സഹായത്തോടെയാണു ഗുണ്ടാസംഘത്തെ പിടികൂടിയത്.
പോലീസിനെ കണ്ടതോടെ ഗുണ്ടാസംഘം വടിവാള്‍, വെട്ടുകത്തി, ഇടിക്കട്ട സൈക്കിള്‍ ചെയിന്‍ എന്നിവയുമായി പോലീസിനെ ആക്രമിച്ചു. ഏതാണ്ട് അരമണിക്കൂറോളം സമയമെടുത്താണു പോലീസ് ഇവരെ കീഴടക്കിയത്. ഇവര്‍ താമസിച്ചിരുന്ന വാടവീട്ടില്‍ നിന്നും നിരവധി വാടിവാള്‍, ഇടിക്കട്ടകള്‍, വെട്ടുകത്തികള്‍, ചെയിനുകള്‍ മദ്യം എന്നിവയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ ഏറ്റുമാനൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ഇവരെ ചോദ്യം ചെയ്തെങ്കില്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുകയുള്ളുവെന്നു പോലീസ് പറഞ്ഞു. അലോട്ടിയുടെ പേരില്‍ കൊലപാതകമുള്‍പ്പെടെ 20ല്‍പ്പരം കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു. 2016 ജനുവരിയില്‍ തൃക്കൊടിത്താനം കോട്ടമുറിയില്‍ ആളൊഴിഞ്ഞ വീട്ടില്‍ ചീട്ടുകളികൊണ്ടിരുന്ന സംഘത്തിന്റെ ആറു ലക്ഷം രൂപ മുഖം മൂടി അണിഞ്ഞു എത്തി കവര്‍ച്ച ചെയ്ത കേസിലും ഇവര്‍ പ്രതികളാണ്.