തൃശൂർ: രാമവർമപുരം കേരള പോലീസ് അക്കാദമിയിലെ വനിതാ ഹവിൽദാർ മേലുദ്യോഗസ്ഥനായ ഓഫീസർ കമാണ്ടന്റിൽ നിന്നും നേരിട്ട അപമാന പരാതിയിൽ ഉടൻ അന്വേഷണ റിപ്പോർട്ട് നൽകാൻ നിർദേശം നൽകി അക്കാദമി ഡയറക്ടർ.
അക്കാദമിയിലെ സംഭവമറിഞ്ഞയുടൻ തന്നെ അന്വേഷണം തുടങ്ങി. പരാതിക്കാരിയിൽ നിന്നും ഉടൻ പരാതി നേരിട്ട് എഴുതി വാങ്ങിയിരുന്നു അക്കാദമി ഡയറക്ടർ. തുടർന്ന് തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ അന്വേഷിക്കുന്നഅക്കാദമിയിലെ വനിതകളുടെ നേതൃത്വത്തിലുള്ള ആഭ്യന്തര പരാതി കമ്മിറ്റിയ്ക്ക് പരാതി കൈമാറി അന്വേഷണം ആരംഭിച്ചു.
പരാതിയിലെ അന്വേഷണ റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് നടപടി സ്വീകരിക്കും. റിപ്പോർട്ട് കിട്ടുംവരെ ഓഫീസർ കമാണ്ടണ്ടിനെ താത്കാലികമായി ചുമതലയിൽ നിന്ന് മാറ്റി നിർത്താനും നിർദേശിച്ചു.
ഒരേ ഓഫീസിലെ സ്റ്റാഫുകൾ തമ്മിലുള്ള പ്രശ്നമായതിനാൽ പഴുതടച്ച അന്വേഷണമാണ് സമിതി നടത്തുന്നത്. സംഭവത്തിന് ആധാരമായതും, സംഭവസമയത്തുണ്ടായ പോലീസ് ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തിയാണ് അന്വേഷണം. റിപ്പോർട്ട് ഉടൻ നൽകാനായും റിപ്പോർട്ട് കിട്ടിയ മുറക്ക് തുടർ നടപടിയും സ്വീകരിക്കും.
പരാതി ഇതുവരെ ലോക്കൽ പോലീസിന് കൈമാറുകയോ കേസെടുക്കുകയോ ചെയ്തിട്ടില്ല.അക്കാദമിയിലെ സി.ഐ. റാങ്കിലുള്ള ഉദ്യോഗസ്ഥനെതിരേയാണ് പരാതി. പലതവണ അതിക്രമം നടന്നതായി പരാതിയിൽ പറയുന്നു. അതിക്രമത്തിന് ഇരയായ ഉദ്യോഗസ്ഥ അവധിയെടുത്തു.