കോട്ടയം: ഇന്‍ഷ്വറന്‍സ് കാലാവധി കഴിഞ്ഞ ബൈക്ക് ഇടിച്ച് വഴിയാത്രക്കാരന് മരിച്ച സംഭവത്തില്‍ പോലീസുകാരന് 37 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് വിധി.
രണ്ടു പേരെ പിന്നിലിരിത്തി അമിതവേഗതയില്‍ പോലീസുകാരന് ഓടിച്ച ബൈക്കാണ് ഗൃഹനാഥനെ ഇടിച്ചിട്ടത്. അപകടത്തില്‍ കുമാരനെല്ലൂര്‍ തുത്തൂട്ടി പുളിംപുഴയില്‍ വീട്ടില്‍ വര്‍ഗീസ് ( 51 ) ആണ് മരണപ്പെട്ടത്.
പോലീസുകാരന് നഷ്ടപരിഹാരം ഒരു മാസത്തിനകം നല്‍കണം. കോട്ടയം മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ ജഡ്ജി കെന്നത്ത് ജോര്‍ജിന്റേതാണ് വിധി.2018 നവംബര്‍ 19ന് മാന്നാനം അതിരമ്പുഴ റോഡില്‍ മാന്നാനം ഷാപ്പു പടിയിലായിരുന്നു അപകടം.
പോലീസുകാരന് രണ്ടുപേരെ പിന്നില്‍ കയറ്റി അമിതവേഗതയില്‍ ഓടിച്ച ബൈക്ക് തട്ടി വര്‍ഗീസ് റോഡില്‍ തെറിച്ചുവീഴുകയായിരുന്നു.
ഗുരുതരപരിക്കേറ്റ വര്‍ഗീസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ ഗാന്ധിനഗര്‍ പോലീസ് പോലീസുകാരനെതിരേ കേസെടുത്തിരുന്നു.
വര്‍ഗീസിന്റെ ഭാര്യയും രണ്ടു മക്കളും കോട്ടയം മോട്ടോര്‍ ആക്സിഡഡന്റ് കോടതിയില്‍ നല്കിയ ഹര്‍ജിയിലായിരുന്നു വിധി.
മൊഴികളും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും പരിശോധിച്ച കോടതി പോലീസുകാരന്റെ അശ്രദ്ധയും അമിത വേഗതയുമാണ് അപകടത്തിനുകാരണമെന്നു കണ്ടെത്തി.
അപകടത്തില്‍പ്പെട്ട വണ്ടിക്ക് ഇന്‍ഷ്വറന്‍സ് ഇല്ലാത്തതിനാല്‍ വാഹന ഉടമയും ഡ്രൈവറും കോടതി ചെലവും പലിശയും ഉള്‍പ്പെടെ 37 ലക്ഷം രൂപ നഷ്ടപരിഹാരം ഹര്‍ജിക്കാര്‍ക്ക് ഒരു മാസത്തിനകം നല്കുവാന് ഉത്തരവിട്ടു.
ഹര്‍ജിക്കാര്‍ക്കു വേണ്ടി അഭിഭാഷകരായ അഡ്വ. വി.ബി. ബിനു, അഡ്വ. സി.എസ്. ഗിരിജ എന്നിവര്‍ കോടതിയില്‍ ഹാജരായി.