മലപ്പുറം:അടിപിടിക്കേസ് അന്വേഷിക്കാനെത്തിയ പോലീസിന്റെ നടപടികള്‍ ഒളിച്ചിരുന്ന് ഫേസ്ബുക്കിലൂടെ ലൈവിട്ട യുവാവിനെ പോലീസ് പിടികൂടി. പോലീസ് നീക്കം സാമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് നിലമ്പൂര്‍ കരുളായി വക്കീല്‍പ്പടി കല്ലട ഫായിസ് (27) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം കരുളായിയിലെ പള്ളിപ്പടിയിലാണ് സംഭവം നടന്നത്.
പ്രദേശത്ത് നടന്ന ഒരു അടിപിടിക്കേസ് അന്വേഷിക്കാനെത്തിയ എസ്ഐയും സംഘവും വാഹനം നിര്‍ത്തി ചെക്കിംഗ് നടത്തുകയായിരുന്നു. ആ സമയം അവിടെയുണ്ടായിരുന്ന ഫായിസ് തൊട്ടുത്തുള്ള കെട്ടിടത്തില്‍ ഒളിച്ചിരുന്ന് പൊലീസ് നടപടി ഫേസ്ബുക്കില്‍ ലൈവിടുകയായിരുന്നു. റോഡില്‍ പൊലീസിന്റെ പരിശോധന ഉണ്ടെന്നും ആരും ആ വഴി പോകരുതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ലൈവ്.
ഇതോടെ വീഡിയോയ്ക്ക് താഴെ പൊലീസിനെതിരേ ആളുകള്‍ തെറിയഭിഷേകം നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് വീഡിയോ ശ്രദ്ധയില്‍ പെട്ടതോടെ ജോലി തടസ്സപ്പെടുത്തിയതിനും ഐടി ആക്ട് പ്രകാരവും ഫായിസിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.