അടൂര്‍: പോലീസ് സ്റ്റേഷനില്‍ നിന്ന് സിപിഐ പ്രവര്‍ത്തകര്‍ ബലമായി മോചിപ്പിച്ച എഐഎസ്എഫ് പ്രവര്‍ത്തകരെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍നിന്നു വീണ്ടും അറസ്റ്റ് ചെയ്ത പോലീസ് പുലിവാലു പിടിച്ചു.
പ്രതിഷേധവുമായി സിപിഐ പ്രവര്‍ത്തകരും ചിറ്റയം ഗോപകുമാര്‍ എംഎല്‍എയും എത്തിയതോടെ അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെ പോലീസ് തിരികെ ആശുപത്രിയില്‍ എത്തിച്ചു. വെള്ളിയാഴ്ച അടൂര്‍ സെന്റ് സിറിള്‍സ് കോളജിലെ യൂണിയന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എഫ്ഐ, എഐഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നടന്നതിനെതുടര്ന്നാണ് അറസ്റ്റുണ്ടായത്.
എന്നാല്‍ എഐഎസ്എഫ് പ്രവര്‍ത്തകരെ സിപിഐക്കാര്‍ സ്റ്റേഷനില്‍ എത്തി ബലമായി മോചിപ്പിച്ചു. പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ദിച്ചെന്നാരോപിച്ച് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ അഡ്മിറ്റാക്കിയിരുന്നു. എന്നാല്‍ വെള്ളിയാഴ്ച രാത്രിതന്നെ ഇവരെ നിരീക്ഷിക്കാന്‍ പോലീസിനെ ഡ്യൂട്ടിയിലും ഇട്ടിരുന്നു.
ഇന്നലെ രാവിലെ ആശുപത്രിയിലെത്തിയ എസ്ഐ ലിബിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. വിവരമറിഞ്ഞ് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ആശുപത്രിയിലെത്തി. ഇവര്‍ ഡിവൈഎസ്പി ജവഹര്ജനാര്ദുമായി ബന്ധപെട്ട് അഡ്മിറ്റായ പ്രവര്‍ത്തകരെ തിരികെ ആശുപത്രിയിലെത്തിക്കണമെന്നാവിശ്യപ്പെട്ടു.
പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധപ്രകടനം നടത്താന്‍ സിപിഐ പ്രവര്‍ത്തകര്‍ തയാറെടുക്കവേ പോലീസ് അറസ്റ്റ് ചെയ്തവരെ വീണ്ടും ആശുപത്രിയിലെത്തിച്ച് അഡ്മിറ്റ് ചെയ്യിച്ചു.
പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുമ്പോള്‍ നിരീക്ഷണത്തിലാണന്നാണ് ഡോക്ടര്‍ പറഞ്ഞതെന്നും അഡ്മിറ്റാണന്ന് മനസിലാക്കിയപ്പോള്‍ തിരികെ ആശുപത്രിയില്‍ കൊണ്ടുപോകുകയാണ് ചെയ്തതെന്നും ഡിവൈഎസ്പി പറഞ്ഞു.
പോലീസ് സ്റ്റേഷനില്‍ നിന്നു ബലമായി പ്രവര്‍ത്തകരെ മോചിപ്പിച്ചതിനും പോലീസിന്റെ ജോലി തടസപ്പെടുത്തി യതിനും സിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സിപിഐ പ്രവര്‍ത്തകരുമായുള്ള സംഘര്‍ഷത്തില്‍ പരിക്കേറ്റ വനിതാ സിപിഒ അടക്കം ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.