കണ്ണൂര്‍: പയ്യാമ്പലത്ത് എത്തുന്ന വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നിർമിച്ച കെട്ടിടം പോലീസ് ഉപേക്ഷിച്ചതോടെ കാടുപിടിച്ചു നശിക്കുന്നു.
കണ്ണൂര്‍ നഗരത്തിലേയും പയ്യാന്പലത്തേയും ഗുണ്ടാവിളയാട്ടവും അക്രമങ്ങളും നിരീക്ഷിക്കുന്നതിന് കൂടിയാണ് ഇവിടെ കെട്ടിടം നിർമിച്ചത്.
ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച കെട്ടിടമാണ് ഉദ്ഘാടനം ചെയ്ത് ആറ് വര്‍ഷം കഴിയുമ്പോഴേക്കും നാശത്തിന്റെ വക്കിലായത്. നഗരത്തില്‍ എആര്‍ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് നിര്‍മിച്ച കെട്ടിടത്തിലാണ് ഇപ്പോൾ പോലീസ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്.
2015 ല്‍ രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കുമ്പോഴാണ് പോലീസ് കൺട്രോൾ റൂം തുറന്നത്. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം നിരീക്ഷണ ക്യാമറ സ്ഥാപിച്ചിരുന്നു.
ഇവിടുത്തേക്ക് കേബിളുകള്‍ വലിച്ച് കണ്ട്രോള് റൂമുമായി ബന്ധിപ്പിക്കുന്നതിനും വന്‍ തുക ചെലവഴിച്ചിരുന്നു. എന്നാല്‍ അതെല്ലാം ഉപേക്ഷിച്ച നിലയിലാണിപ്പോൾ.
പയ്യാമ്പലത്ത് എത്തുന്ന വിനോദ സഞ്ചാരികൾക്ക് പോലീസ് കണ്ട്രോള് റൂമിന്റെയും പോലീസിന്റെയും സാന്നിധ്യം സുരക്ഷാ ബോധമുണ്ടാക്കിയിരുന്നു. എന്നാലിന്ന് അതെല്ലാം പാടെ തകിടം മറിഞ്ഞിരിക്കുകയാണ്.
ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ ഈ കെട്ടിടം ഉപയോഗിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും അവര്‍ തിരിഞ്ഞ് നോക്കാറില്ല. കണ്ട്രോള് റൂം ഇവിടെ നിന്ന് മാറ്റിയെങ്കിലും ഇപ്പോഴും കണ്ട്രോള് റൂമെന്ന ബോര്‍ഡ് മാറ്റിയിട്ടില്ല.
ലക്ഷങ്ങൾ ചിലവഴിച്ച് നിർമിച്ച കെട്ടിടത്തിന്റെ ഇപ്പോഴത്തെ അവസ്ഥ വളരെ പരിതാപകരമാണ്. ഏറ്റെടുത്ത് പ്രവർത്തിപ്പിക്കാൻ ആരും വന്നില്ലെങ്കിൽ കെട്ടിടം കാട്മൂടി നശിക്കുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.