കണ്ണൂർ: എന്തിനാണ് ഇങ്ങനെയൊരു പോലീസ് എയ്ഡ് പോസ്റ്റ്. ജില്ലാ ആശുപത്രിയിലെ പോലീസ് എയ്ഡ് പോസ്റ്റിൽ പോലീസുകാർ തോന്നുംപോലെ വന്നുപോകുന്ന സ്ഥിതിയാണ്. ആശുപത്രി കണക്കുപ്രകാരം ദിനംപ്രതി 1000 നും 1200 നും ഇടയിൽ ആളുകൾ വന്നുപോകുകയും ആയിരത്തിലധികം കിടപ്പുരോഗികളും കൂട്ടിരിപ്പുകാരും മാത്രമല്ല കണ്ണൂർ സെൻട്രൽ ജയിലിലടക്കം തടവുകാർ ചികിത്സയ്ക്കെത്തുന്ന ഇവിടെ മുഴുവൻ സമയം പോലീസ് വേണമെന്നാണ് നിയമം. എന്നാൽ രാവിലെ പത്തു കഴിഞ്ഞാലും പോലീസ് ആശുപത്രിയിൽ എത്തുന്നില്ല.
രാവിലെയാണ് ഏറ്റവും കൂടുതൽ പേർ ആശുപത്രിയിൽ ചികിത്സയ്ക്കെത്തുന്നത്. കണ്ണൂർസിറ്റി പോലീസ് സ്റ്റേഷനിൽനിന്നാണ് ജില്ലാ ആശുപത്രിയിൽ പോലീസുകാരെ ഡ്യൂട്ടിക്കായി നിയമിക്കാറ്. രാവിലെ എട്ടോടെയാണ് ഡ്യൂട്ടിക്ക് എത്തേണ്ടത്. എന്നാൽ 10 കഴിഞ്ഞാലും എത്താറില്ലെന്നാണ് ആശുപത്രി ജീവനക്കാർ പറയുന്നത്.
രാവിലെ പോലീസുകാർ ഫയറിംഗ് ഡ്യൂട്ടിക്കായി ഡിഎസ്സി സെന്ററിലേക്കു പോകുകയും പിന്നീട് ഉച്ചകഴിഞ്ഞ് ജില്ലാ ആശുപത്രിയിൽ എത്തുകയും വൈകുന്നേരത്തോടെ മറ്റു ഡ്യൂട്ടിക്കായി ഇവരെ മാറ്റുകയും ചെയ്യും. ഫലത്തിൽ വളരെ കുറച്ചു സമയം മാത്രമേ ജില്ലാ ആശുപത്രിയിലെ എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടിക്ക് ഉണ്ടാവുകയുള്ളൂവെന്ന് സാരം.
മിക്ക ദിവസങ്ങളിലും പോലീസ് എയ്ഡ് പോസ്റ്റ് താഴിട്ട് പൂട്ടിട്ട നിലയിലായിരിക്കും. കഴിഞ്ഞദിവസം ഡോക്ടറെ കാണാനെത്തിയ യുവതിയുടെ മൂന്നുപവൻ സ്വർണമാല നഷ്ടപ്പെട്ടിരുന്നു. ആശുപത്രി ജീവനക്കാരും ചികിത്സയ്ക്കെത്തിയവരും ആശുപത്രിയിൽ മാലയ്ക്കായി തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പരാതി നൽകാൻ എയ്ഡ് പോസ്റ്റിൽ എത്തിയപ്പോഴാണ് പോലീസ് എത്തിയില്ലെന്ന് അറിയുന്നത്.
മൂന്നു മണിക്കൂർ കാത്തുനിൽപ്പിനൊടുവിലാണ് പോലീസ് എത്തിയത്. ഇതിനു മുന്പും സമാനമായ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ആശുപത്രി ജീവനക്കാർക്കും ചികിത്സയ്ക്കായി എത്തുന്നവർക്കും സംരക്ഷണം നൽകേണ്ട പോലീസ് കൃത്യനിർവഹണം പാലിക്കണമെന്ന അഭിപ്രായമാണ് ജീവനക്കാർക്കുള്ളത്.