സ്വന്തം ലേഖകൻ
മുളങ്കുന്നത്തുകാവ്: സംസ്ഥാനത്തെ പുതിയ പോലീസ് മേധാവിയോട് ആദ്യമായി ഒരു അപേക്ഷ..തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ എയ്ഡ് പോസ്റ്റിലേക്ക് പോലീസുകാരേ തരാമോ സാർ…
പോലീസുകാരില്ലാത്തതു മൂലം അടഞ്ഞു കിടക്കുന്ന എയ്ഡ് പോസ്റ്റിനു മുന്നിൽ വന്ന് നിസഹായരായി മടങ്ങിപ്പോകുന്നവർ നിരവധിയാണ്.12 പോലീസുകാരെയാണ് സംസ്ഥാന സർക്കാർ ഈ എയ്ഡ് പോസ്റ്റിലേക്ക് നിയമിച്ചിട്ടുള്ളത്.
കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന സമയത്ത് തൃശൂർ നഗരത്തിൽ പ്രവർത്തിച്ചിരുന്ന മെഡിക്കൽ കോളജ് ആശുപത്രിയിലെ എയ്ഡ് പോസ്റ്റിലേക്ക് മാത്രമായി കേരള ആംഡ് പോലീസിൽ നിന്നും 12 പോലീസുകാരെ സ്ഥിരമായി നിയമിച്ച് ഉത്തരവിട്ടിരുന്നു.
ആശുപത്രി മുളങ്കുന്നത്തുകാവിലേക്ക് മാറ്റിയപ്പോൾ ഈ പോലീസുകാരെയും മാറ്റി നിയമിച്ചിരുന്നു.എന്നാൽ അന്ന് ഒരു എയ്ഡ് പോസ്റ്റ് പ്രവർത്തിക്കുന്നതിന് സൗകര്യമുള്ള കെട്ടിടം മുളങ്കുന്നത്തുകാവിൽ ഉണ്ടായിരുന്നില്ല.പോലീസുകാർക്ക് ഇരിക്കാനുള്ള സൗകര്യം പോലുമില്ലായിരുന്നു. അതിനാൽ പോലീസുകാർ ചുമതലയേൽക്കുന്നത് നീണ്ടുപോയി.
തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും പതിനഞ്ചു കിലോമീറ്റർ ദൂരെയുള്ള പേരാമംഗലം, വടക്കാഞ്ചേരി സ്റ്റേഷനുകളിലെ പോലീസുകാരാണ് ഇവിടെ സുരക്ഷാ കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത്. ഇത്ര ദൂരെ നിന്ന് എത്തുകയെന്നത് പോലീസുകാർക്കും ബുദ്ധിമുട്ടായിരുന്നു.
ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇടപെട്ടാണ് പിന്നീട് മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനും എയ്ഡ്പോസ്റ്റും ആരംഭിച്ചത്. തുടർന്ന് എയ്ഡ്പോസ്റ്റിൽ 24 മണിക്കൂറും സേവനത്തിനായി നാലു പോലീസുകാരെ പോസ്റ്റു ചെയ്തു.
എന്നാൽ അടിസ്ഥാന സൗകര്യങ്ങളുടെ കുറവു മൂലം രണ്ടു പേർ വീതം ഡ്യൂട്ടിക്കെത്തിയാൽ മതിയെന്ന് തീരുമാനിക്കുകയായിരുന്നു.എയ്ഡ്പോസ്റ്റിൽ രണ്ടു പോലീസുകാരെത്തിയതോടെ ആശുപത്രിയിലെ സുരക്ഷ സംവിധാനവും ശക്തിപ്പെട്ടിരുന്നു. സാമൂഹ്യവിരുദ്ധരുടെ ശല്യവും കുറഞ്ഞു.
വിവിധ പോലീസ് സ്റ്റേഷനുകൽലേക്ക് ഇന്റിമേഷൻ എത്തിക്കേണ്ട ചുമതലകളും ഭംഗിയായി നിർവഹിക്കാൻ സാധിച്ചിരുന്നു. അതിനാൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കേസ് സംബന്ധമായ കാര്യങ്ങളെല്ലാം വേഗത്തിലാക്കാനും കഴിഞ്ഞിരുന്നു.
ആദ്യ പ്രളയകാലത്ത് ഇവിടെ ഉണ്ടായിരുന്ന പോലീസുകാരെ മറ്റിടങ്ങളിലേക്ക് ഡ്യൂട്ടിക്കായി പറഞ്ഞയച്ചതോടെ എയ്ഡ്പോസ്റ്റ് പ്രവർത്തനം നിലച്ചു. ഇവരെ തിരികെ കൊണ്ടുവരാൻ ഇപ്പോഴും സാധിച്ചിട്ടില്ല.മെഡിക്കൽ കോളജിലെ സുരക്ഷ സംവിധാനത്തിലും പ്രശ്നങ്ങളുണ്ടായി.
മോഷണം പെരുകിയതും സാമൂഹ്യവിരുദ്ധരുടെ ശല്യം വർധിച്ചതും ഇന്റിമേഷനുകൾ കൃത്യമായി അറിയിക്കാത്തതിനാൽ കേസുകൾ ഇഴഞ്ഞുനീങ്ങുന്നതും പതിവായി.
മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനിലെ പോലീസുകാരെ എയ്ഡ്പോസ്റ്റിൽ ഡ്യൂട്ടിക്കിട്ടുകൊണ്ടാണ് ഒരു പരിധിവരെ പ്രശ്നങ്ങൾ പരിഹരിക്കുന്നത്.കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രശ്നമുണ്ടായപ്പോൾ മുക്കാൽ മണിക്കൂർ കഴിഞ്ഞാണ് പോലീസ് എത്തിയത്.
എയ്ഡ്പോസ്റ്റിൽ മുഴുവൻ സമയവും പോലീസുകാരുണ്ടെങ്കിൽ പെട്ടന്നു തന്നെ ആശുപത്രിയിൽ എന്തു പ്രശ്്നമുണ്ടായാലും എത്താൻ സാധിക്കുമായിരുന്നു. ഇക്കാര്യം ആശുപത്രി അധികൃതർ പലതവണ ബന്ധപ്പെട്ടവരോടു പറഞ്ഞിട്ടുണ്ടെങ്കിലും നടപടികളായിട്ടില്ല.
അപകടത്തിൽപെട്ട് മരണമടയുന്നവരെക്കുറിച്ചുള്ള ഡെത്ത് ഇന്റിമേഷൻ അതാത് പോലീസ് സ്റ്റേഷനുകളിൽ വേഗത്തിൽ അറിയിക്കേണ്ടതുണ്ട്. എന്നാൽ എയ്ഡ്പോസ്റ്റിൽ പോലീസുകാരില്ലാത്തതിനാൽ ആശുപത്രി അധികൃതർ പോലീസ് സ്റ്റേഷനിൽ ഡെത്ത് ഇന്റിമേഷൻ എത്തിച്ചു നൽകാൻ വൈകുന്നത് മൂലം മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്യാനും മറ്റു നിയമനടപടികളെടക്കുന്നതിനും കാലതാമസമുണ്ടാകുന്നുണ്ട്.
അടഞ്ഞു കിടക്കുന്ന എയ്ഡ്പോസ്റ്റിന്റെ വാതിലിൽ സഹായത്തിനായി മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടാനുള്ള ഫോണ് നന്പറും വാട്സാപ്പ് നന്പറും രേഖപ്പെടുത്തിയ ഒരു കടലാസ് പതിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് പുതിയ പോലീസ് മേധാവി ചുമതലയേൽക്കുന്പോൾ പാവം ഈ എയ്ഡ്പോസ്റ്റിന്റെ കാര്യത്തിലൊരു തീരുമാനമെടുത്തെങ്കിൽ എന്ന പ്രതീക്ഷയിലാണ് ആശുപത്രി അധികൃതരും നാട്ടുകാരും.