കോഴിക്കോട് : കഞ്ചാവ് കേസ് പ്രതികള്‍ തിരുവനന്തപുരം തിരുവല്ലത്ത് പോലീസ് ജീപ്പ് അടിച്ചുതകര്‍ത്തതിന് പിന്നാലെ കോഴിക്കോടും പോലീസിന് നേരെ ഗുണ്ടാ ആക്രമണം.
കോഴിക്കോട് സിറ്റിയിലെ ടൗണ്‍ പോലീസിന് നേരെ ഇന്ന് പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. പട്രോളിംഗ് നടത്തുന്നതിനിടെ ഒയറ്റി റോഡില്‍ വച്ചാണ് ജീപ്പിന് നേരെ കല്ലേറുണ്ടായത്. കല്ലേറില്‍ പോലീസ് ജീപ്പിന്റെചില്ലുകള് തകര്‍ന്നു. ജീപ്പിലുണ്ടായിരുന്ന സിവില്‍ പോലീസ് ഓഫീസര്‍ ജയ്സണ്‍ പരിക്കേറ്റു.
ഒയറ്റി റോഡിലൂടെ പട്രോളിംഗ് നടത്തുന്നതിനിടെ രണ്ടുപേര്‍ ഓടി ഒളിക്കുന്നതായി പോലീസിന്റെശ്രദ്ധയില്പെട്ടു. തുടര്‍ന്ന് ജീപ്പിലുണ്ടായിരുന്നു എഎസ്ഐയും ഹോംഗാര്‍ഡും പുറത്തിറങ്ങി ഇവര്‍ക്കു പിന്നാലെ ഓടി. അതിനിടെയാണ് ജീപ്പിന് നേരെ കല്ലേറുണ്ടായത്.
കോഴിക്കോട് സിറ്റിയില്‍ അടുത്തിടെ ഏറ്റവും കൂടുതല്‍ ലഹരി,മോഷണ കേസുകള്‍ പിടികൂടിയത് ടൗണ്‍ പോലീസാണ്. മയക്കുമരുന്ന് മാഫിയയുടെയും ഗുണ്ടാസംഘത്തിന്റെയും വേരറുക്കുകയെന്ന ലക്ഷ്യത്തോടെ ഇവരുടെ സങ്കേതത്തിലും മറ്റും പോലീസ് നിരന്തരം പരിശോധന നടത്തുന്നുണ്ട്.
സിഐ ഉമേഷിന്റെയും എസ്ഐ കെ.ടി.ബിജിത്തിന്റെയും നേതൃത്വത്തില്‍ ദിവസവും പട്രോളിംഗും റെയ്ഡും നടക്കുന്നത് മയക്കുമരുന്നു സംഘത്തിന് ഭീഷണിയായി മാറിയിരുന്നു. ഇതേതുടര്‍ന്നാണ് പോലീസിന് നേരെ കല്ലേറുണ്ടായത്.
അടുത്തിടെ ട്രാന്സ്ജെന്ഡേഴ്സിനെ തേടി അസമയത്ത് എത്താറുള്ളവര്ക്കെതിരേ പോലീസ് നടപടി സ്വീകരിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ആക്രമണമുണ്ടായത്.
സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി സിഐ പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും മറ്റും അന്വേഷണം പുരോഗമിക്കുന്നുണ്ട്. ഉടന്‍ പ്രതികള്‍ പിടിയിലാവുമെന്ന് പോലീസ് അറിയിച്ചു.