പുന്നയൂർക്കുളം: പോലീസുകാരെ ആക്രമിച്ച് പ്രതിയെ മോചിപ്പിച്ച കേസിൽ ആറു പേർക്ക് ഒരു വർഷം തടവും 2500 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. പുന്നയൂർ ഒറ്റയിനി വാലിപ്പറന്പിൽ മുഹമ്മദ് റാഫി (43), മൂന്നയിനി വാലിപ്പറന്പിൽ ഉസ്മാൻ (50), സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന മൂന്നയിനി കിഴക്കൂട്ട് ഉസ്മാൻ (56), തട്ടാൻകര മുഹമ്മദാലി (കുറുവടി 44), അഞ്ചിങ്ങൽ പ്രകാശൻ (36), അച്ചാപ്പിള്ളി ബിജു (33) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. കുന്നംകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് സരിത രവീന്ദ്രനാണ് ശിക്ഷ വിധിച്ചത്.
2010 മേയ് 29 നു വൈകീട്ട് നാലിനു മൂന്നയിനിയിലാണ് കേസിനാസ്പദമായ സംഭവം. യുവാവിനെ വെട്ടിപരുക്കേൽപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ വാലിപ്പറന്പിൽ മുഹമ്മദ് റാഫിയെ പിടികൂടാൻ പോയ വടക്കേക്കാട് സ്റ്റേഷനിലെ പോലീസുകാരായ വി. ലോഫിരാജ്, പി.എം. ബെന്നി എന്നിവരെ പ്രതികൾ തടഞ്ഞു നിർത്തി റാഫിയെ മോചിപ്പിക്കുകയായിരുന്നു. മുഹമ്മദാലി കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്.