മാന്നാർ: സ്റ്റാൻഡിലെത്തി യൂണിയൻ സെക്രട്ടറിയെ അസഭ്യം പറഞ്ഞതിൽ പ്രതിഷേധിച്ച് ഓട്ടോറിക്ഷാ തൊഴിലാളികൾ പണിമുടക്കി പ്രകടനം നടത്തി. രണ്ട് മാസം മുന്പ് മാന്നാർ സ്റ്റേഷനിൽ ചാർജ്ജെടുത്ത എസ്ഐ സ്ഥിരമായി ഓട്ടോറിക്ഷാ തൊഴിലാളികളെ ദ്രോഹിക്കുന്ന നിലപാടാണ് സ്വീകരിച്ച് വരുന്നതെന്നാണ് തൊഴിലാളികളുടെ ആക്ഷേപം.
കഴിഞ്ഞ ഒരാഴ്ചയായി സ്ഥിരമായി ടൗണിലെ സ്റ്റാൻഡിൽ എത്തി ഇവരുടെ ബുക്കും പേപ്പറും പരിശോധിക്കുകയും പിഴ നൽകുകയും പതിവാണത്രേ. ഇന്നലെയും സ്റ്റാൻഡിൽ എത്തി ഇത്തരത്തിൽ പരിശോധനകൾ നടത്തിയതിനെ ഓട്ടോറിക്ഷാത്തൊഴിലാളി യൂണിയൻ സിഐറ്റിയു സെക്രട്ടറി ബിജുകുട്ടൻ ചോദ്യം ചെയ്തു.
ഇത് ഇഷ്ടപ്പെടാഞ്ഞ എസ്ഐ ഇയാളെയും യൂണിയനെയും പരസ്യമായി അസഭ്യം പറയുകയായിരുന്നുവെന്നാണ് തൊഴിലാളികളുടെ ആരോപണം. സംഭവത്തിൽ പ്രതിഷേധിച്ച് ടൗണിലെ ഓട്ടോറിക്ഷാ തൊഴിലാളികൾ മിന്നൽ പണിമുടക്ക് നടത്തുകയായിരുന്നു. വിവരമറിഞ്ഞ് സിപിഎം നേതാക്കളും രംഗത്തെത്തി.
സിപിഎം മാന്നാർ ഏരിയാ കമ്മറ്റിയംഗങ്ങളായ പി.എൻ.ശെൽവരാജ്, പ്രദീപ് കുമാർ, പിഎഎ ലത്തീഫ് എന്നിവരുടെ നേതൃത്വത്തിൽ പോലീസിനെതിരെ കടുത്ത ഭാഷയിൽ മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തി. സ്റ്റേഷനിലേക്ക് മാർച്ച് നടത്തുവാനായി പോസ്റ്റാഫീസ് ജംഗ്ഷനിൽ പ്രവർത്തകർ എത്തിയെങ്കിലും നേതാക്കൾ ഇടപെട്ടതിനെത്തുടർന്ന് പ്രകടനമായി പരുമലക്കടവിൽ സമാപിച്ചു.
തുടർന്ന് പോലീസും നേതാക്കളും തമ്മിൽ നടത്തിയ ചർച്ചയിൽ സ്റ്റാൻഡിൽ കയറിയുള്ള പരിശോധനകൾ നടത്തില്ലെന്ന് ധാരണയായി. എന്നാൽ ടൗണിലെ ഓട്ടോറിക്ഷാക്കാരെ കുറിച്ച് വ്യാപകമായ പരാതിയാണ് ദിനം പ്രതി ഉണ്ടാകുന്നതെന്നും ഇത് സംബന്ധിച്ചുള്ള അന്വേഷണമാണ് നടത്തിയതെന്നും പോലീസ് പറഞ്ഞു.