സ്വന്തം ലേഖകൻ
മുളങ്കുന്നത്തുകാവ്: നെടുപുഴയിൽ പോലീസിനെ ആക്രമിച്ച രക്ഷപ്പെട്ട പ്രതി ചികിത്സ തേടി തൃശൂർ മെഡിക്കൽ കോളജിലെത്തിയതറിഞ്ഞ് പിടികൂടാൻ പോലീസെത്തും മുൻപ് പ്രതി ആശുപത്രിയിൽ നിന്നും മുങ്ങി. വരന്തരപ്പിള്ളി സ്വദേശിയായ പ്രതിയാണ് മെഡിക്കൽ കോളജ് പോലീസിനേയും ആശുപത്രിയിലെ സുരക്ഷ ജീവനക്കാരേയും വെട്ടിച്ച് കടന്നുകളഞ്ഞത്.
ഇന്നലെ രാത്രി പന്ത്രണ്ടോടെയാണ് സംഭവം. നെടുപുഴ പോലീസിനെ ആക്രമിച്ച കേസിൽ ഒരു പ്രതിയെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഇയാളുടെ കൂട്ടാളി അന്ന് പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടിരുന്നു.
ഇയാൾ മറ്റൊരു അസുഖത്തിന് ചികിത്സ തേടിയാണ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയത്. സർജറി വാർഡിൽ ഇയാളെ കണ്ട് തിരിച്ചറിഞ്ഞ നിരീക്ഷണത്തിനെത്തിയ മെഡിക്കൽ കോളജ് പോലീസ് വിവരം നെടുപുഴ പോലീസിന് കൈമാറി.
നെടുപുഴ പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്ത് ചികിത്സ കഴിയും വരെ കാവലേർപ്പെടുത്താൻ തീരുമാനിച്ച് രാത്രിതന്നെ പാഞ്ഞെത്തുന്പോഴേക്കും പോലീസെത്തുന്ന വിവരം എങ്ങിനെയോ മനസിലാക്കിയ പ്രതി രക്ഷപ്പെടുകയായിരുന്നു.
കനത്ത സുരക്ഷ സംവിധാനങ്ങളുള്ള കോവിഡ് വാർഡിനു സമീപത്തുകൂടെയാണ് ഇയാൾ ഓടി രക്ഷപ്പെട്ടത്. പോലീസ് ആശുപത്രി പരിസരം മുഴുവൻ പരിശോധിച്ചെങ്കിലും ഇയാളെ കണ്ടെത്താനായില്ല.