സീമ മോഹന്‍ലാല്‍
കൊച്ചി: നാടിനു സുരക്ഷയൊരുക്കാന്‍ മുന്നില്‍ നില്ക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കും അക്രമികളിൽനിന്നു രക്ഷയില്ല. ലോക്ക്ഡൗണ്‍ കാലത്ത് കൃത്യനിര്‍വഹണത്തിനിടെ കുറ്റവാളികളില്‍നിന്ന് പരിക്കേറ്റത് 112 പോലീസുകാര്‍ക്കാണ്.
കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയിലെ കണക്കാണിത്. മറയൂരില്‍ വാഹനപരിശോധനയ്ക്കിടെ മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്തതിന്റെ പേരില്‍ തലയ്ക്കു കല്ലുകൊണ്ട് ഇടിയേറ്റ മറയൂര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന് അജീഷ് പോള്‍ ഇപ്പോഴും ചികിത്സയിലാണ്.
അജീഷ് പോളിന്റെ ഇടതു ചെവിയുടെ മേല്‍ഭാഗത്താണ് കല്ലുകൊണ്ട് ഇടിച്ചത്. സംഭവത്തില്‍ മറയൂര്‍ സിഐ രതീഷിനും കല്ലേറു കൊണ്ടിരുന്നു. ഇദേഹത്തിന്റെ തലയില്‍ അഞ്ചു കുത്തിക്കെട്ടും ഇടതുതോളിനു സ്ഥാനഭ്രംശവുമുണ്ടായി. സംഭവുമായി ബന്ധപ്പെട്ട് സുലൈമാന്‍ എന്നയാള്‍ അറസ്റ്റിലായി.
സമാനമായ സംഭവമാണ് കഴിഞ്ഞ ദിവസം കോട്ടയത്തും ഉണ്ടായത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ജില്ലയില്‍ മൂന്നു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരേയാണ് അക്രമം ഉണ്ടായത്.
കഴിഞ്ഞ ദിവസം വധശ്രമക്കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ മണിമല സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഇ.ജി. വിദ്യാധരന് വെട്ടേല്ക്കുകയുണ്ടായി.
നാലു മാസം മുമ്പ് അയല്‍വാസിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി തകിടപ്പുറത്ത് അജിന് വീട്ടിലെത്തി എന്ന വിവരത്തെ തുടര്‍ന്ന് എത്തിയതായിരുന്നു പോലീസ്.
പ്രതിയുടെ പിതാവ് പ്രസാദ് എസ്ഐ വിദ്യാധരന്റെ തലയ്ക്ക് വാക്കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. ചിങ്ങവനം പോലീസ് സ്റ്റേഷനുമുന്നില്‍ പെട്രോള്‍ നിറച്ച കുപ്പിയുമായെത്തി ആത്മഹത്യ ഭീഷണി മുഴക്കിയ പ്രതിയെ തടയാനെത്തിയ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതാണ് മറ്റൊരു സംഭവം.
പോലീസിനെ ആക്രമിക്കുന്ന സംഭവങ്ങള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ ശക്തമായ നിയമനിര്‍മാണം വേണമെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.