പോലീസ് അതിക്രമമെന്നു പരാതികൊട്ടാരക്കര: അറസ്റ്റ് തടഞ്ഞു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് നിലനിൽക്കെ വിമുക്തഭടന്റെ വീട്ടിൽ അർദ്ധരാത്രിയിൽ സംഘമായെത്തിയ പോലീസ് അതിക്രമം കാട്ടിയതായി പരാതി.
ഭാര്യ മാത്രം വീട്ടിലുണ്ടായിരുന്ന സമയത്ത് വനിതാ പോലീസില്ലാതെയെത്തിയ പോലീസ് സംഘം അവരെ ആക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്തതായും വിമുക്ത ഭടൻ എഴുകോൺ ഇരുമ്പനങ്ങാട് ഉദയ വിലാസത്തിൽ ഉദയകുമാറും ഭാര്യ സിനിയും കൊല്ലം റൂറൽ എസ്.പിക്ക് നൽകിയ പരാതിയിൽ പറയുന്നു.
എഴുകോൺ പോലീസിനെതിരെയാണ് പരാതി.കഴിഞ്ഞ 7 ന് രാത്രി 12.30നാണ് സംഭവം. വീട്ടിലെത്തിയ പോലീസ് കതക് ചവിട്ടിപ്പൊളിക്കാൻ ശ്രമിക്കുകയും ജനൽ ചില്ല് അടിച്ച് പൊട്ടിക്കുകയും ചെയ്തു.
സിനി കതക് തുറന്നതിനെ തുടർന്ന് അകത്ത് കയറിയ പോലീസ് ഭർത്താവും പ്ലസ് ടു വിദ്യാർത്ഥിയായ മകനും സ്ഥലത്തില്ലെന്ന് മനസിലാക്കിയ ശേഷം സിനിയുടെ മുഖത്ത് ടോർച്ചടിക്കുകയും കേട്ടാലറക്കുന്ന വിധമുള്ള അസഭ്യവർഷം നടത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
കുടുംബ വഴക്കിനെ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് സംഭവത്തിനു പിന്നിലെന്ന് ഉദയകുമാർ പറഞ്ഞു. ഇതിന്റെ പേരിൽ സിനിയുടെ സഹോദരനുമായി കേസ് ഉണ്ടായിരുന്നു.
ഇവർ നൽകിയ പരാതി എഴുകോൺ പോലീസ് സ്വീകരിക്കുകയും തങ്ങൾ നൽകിയ പരാതി പോലീസ് സ്വികരിക്കാതിരിക്കുകയും ചെയ്തതായി ഉദയകുമാർ പറയുന്നു.ഇതിനെതിരെയും റൂറൽ എസ്.പിക്ക് പരാതി നൽകിയിരുന്നു.
എസ്പിക്കു പരാതി നൽകുമോടി എന്നു ചോദിച്ചു കൊണ്ടായിരുന്നു പോലീസ് അതിക്രമമെന്ന് സിനി പറയുന്നു. ഹൈക്കോടതിയിൽ നിന്നും അറസ്റ്റ് തടഞ്ഞു കൊണ്ടുള്ള ഉത്തരവ് നില നിൽക്കെയാണ് പോലീസ് ആക്രമണമുണ്ടായതെന്നും ഉദയകുമാർ വ്യക്തമാക്കി.
മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും മനുഷ്യാവകാശ കമ്മിഷനും പരാതികൾ നൽകാനൊരുങ്ങുകയാണ് ഈ കുടുംബം.