ഇടുക്കി: കോവിഡ് പോസിറ്റീവായ പോലീസ് ഉദ്യോഗസ്ഥൻ മദ്യ ലഹരിയിൽ കോവിഡ് കെയർ സെന്ററിൽ അഴിഞ്ഞാടിയ സംഭവത്തിൽ പോലീസും സ്പെഷൽബ്രാഞ്ചും അന്വേഷണം ആരംഭിച്ചു.
വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐക്കെതിരെയാണ് അന്വേഷണം. മദ്യപിച്ചെത്തിയ പോലീസ് ഉദ്യോഗസ്ഥൻ പീരുമേട് കുട്ടിക്കാനത്തെ കോവിഡ് കെയർ സെന്ററിലാണ് സേനയ്ക്കു തന്നെ കളങ്കമുണ്ടാക്കുന്ന വിധത്തിൽ അഴിഞ്ഞാടിയത്.
ഇന്നലെ ഉച്ച കഴിഞ്ഞാണ് നാടകീയ സംഭവങ്ങൾ നടന്നത്. വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിലെ നാല് പോലീസുകാർക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ഇതെ തുടർന്ന് ഇന്നലെ രാവിലെ സിഐ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് കോവിഡ് പരിശോധന നടത്തിയിരുന്നു. ഉച്ചയോടെ റിസൽട്ട് വന്നപ്പോൾ ഈ ഉദ്യോഗസ്ഥനുൾപ്പെടെ രണ്ടു പേരുടെ പരിശോധന ഫലം പോസിറ്റീവായി.
ഇതോടെ ഇവരോട് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യ വകുപ്പ് ആവശ്യപ്പെടുകയായിരുന്നു. ഉദ്യോഗസ്ഥരെ കോവിഡ് കെയർ സെന്ററിലേക്കു മാറ്റാൻ ആരോഗ്യപ്രവർത്തകർ ആംബുലൻസുമായി എത്തിയെങ്കിലും ഇയാൾ പോകാൻ കൂട്ടാക്കിയില്ല.
മദ്യലഹരിയിൽ ആരോഗ്യപ്രവർത്തകരോട് തട്ടിക്കയറുകയും ചെയ്തു. പിന്നീട് കോവിഡ് സെന്ററിലെത്തിച്ചെങ്കിലും ഇവിടെയും അതിക്രമം തുടർന്നു.കെട്ടിടത്തിന്റെ ഗ്രിൽ അടിച്ചു തകർക്കാൻ ശ്രമിക്കുകയും കോവിഡ് കെയർ സെന്ററിൽ നിന്നും താഴേക്ക് മൂത്രമൊഴിക്കുകയും ചെയ്തു.
തുടർന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും മറ്റും സ്ഥലത്തെത്തിയാണ് ഉദ്യോഗസ്ഥനെ ശാന്തനാക്കിയത്.സംഭവത്തിൽ താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ പീരുമേട് പോലീസിൽ പരാതി നൽകി. ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്നാണ് സൂചന.