കോട്ടയം: പോലീസിനെ ആക്രമിച്ചു രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ മെഡിക്കൽ കോളജിൽ അറസ്റ്റ് ചെയ്യാൻ ശ്രമിച്ച പോലീസുകാരനെ പ്രതിയുടെ അമ്മയും ഭാര്യയും ചേർന്ന് ആക്രമിച്ചു പരിക്കേൽപ്പിച്ചു.വൈക്കത്ത് പോലീസ് ഉദ്യോഗസ്ഥനെ തലയ്ക്കടിച്ചു വീഴ്ത്തിയ പ്രതി വൈക്കം ഉല്ലല പൂവം ഓണശേരിയിൽ അഖിലി (ലെങ്കോ – 23) ന്റെ ഭാര്യയും അമ്മയും ചേർന്നാണ് പോലീസുകാരെ ആക്രമിച്ചത്.
മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തശേഷം ഇയാളെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ച ഗാന്ധിനഗർ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനെയാണ് ഭാര്യയും അമ്മയും ചേർന്ന് ആക്രമിച്ചത്. സംഭവത്തിൽ ലെങ്കോയുടെ അമ്മ വൈക്കം ഉല്ലല പൂവം ഓണശേരിയിൽ കുമാരി (46), ഇയാളുടെ ഭാര്യ അപർണ (22) എന്നിവരെ ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെ 10.30ന് മെഡിക്കൽ കോളജിലാണ് സംഭവം.
കഴിഞ്ഞ ദിവസം വൈക്കത്ത് ലെങ്കോയെ പിടിക്കാനെത്തിയ വൈക്കം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ റെജിമോനെ ലെങ്കോ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചിരുന്നു. തുടർന്ന് ലെങ്കോയെ ആദ്യം വൈക്കം താലൂക്ക് ആശുപത്രിയിലും, പിന്നീട് കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
ഡോക്ടർമാർ പരിശോധിച്ചശേഷം ലെങ്കോയ്ക്ക് കാര്യമായ പരിക്കില്ലെന്ന് കണ്ടെത്തി. തുടർന്ന് തിങ്കളാഴ്ച രാവിലെ പത്തിന് ഇയാളെ ആശുപത്രിയിൽനിന്ന് വിട്ടയയ്ക്കാനും, അറസ്റ്റ് രേഖപ്പെടുത്താനും തീരുമാനിച്ചു. പ്രതിയെ അറസ്റ്റ് ചെയ്ത് വാഹനത്തിലേക്കു കയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളുടെ അമ്മയും ഭാര്യയും അക്രമാസക്തരായത്.
തുടർന്ന് ഗാന്ധിനഗർ എസ്ഐ ടി.എസ്. റെനീഷിന്റെ നേതൃത്വത്തിൽ വനിതാ പോലീസുകാർ അടങ്ങുന്ന സംഘമെത്തിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.