ആലപ്പുഴ: കുത്തുകേസിലെ പ്രതികളെ പിടിക്കാൻ എത്തിയ പോലീസ് ഉദ്യോഗസ്ഥരെ പ്രതികൾ വെട്ടി പരിക്കേൽപിച്ചു. ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ പോൾ(41), ഷൈജൂ(36) എന്നിവർക്കാണ് വെട്ടേറ്റത്. ഇവരെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി 7.30ന് ചാത്തനാട്ട് വച്ചായിരുന്നു ആക്രമണം. കുത്തുകേസിലെ പ്രതികളായ ചാത്തനാട് സ്വദേശികളായ കണ്ണൻ,രാഹുൽ എന്നിവർ കണ്ണന്റെ ചാത്തനാട്ടെ വീട്ടിൽ ഉണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് സിവിൽ പൊലീസ് ഓഫീസർമാരായ പോളും ഷൈജൂവും സ്ഥലത്ത് എത്തി. ഈ സമയം വീടിന് സമീപം നിന്ന കണ്ണൻ പോലീസുകാരെ കണ്ട് വാൾ ഉപയോഗിച്ച് ഇരുവരെയും വെട്ടുകയായിരുന്നു.
പോളിന്റെ കൈക്ക് 14 തുന്നൽ ഉണ്ട്. ഷൈജുവിന്റെ വയറിന് മുറിവേറ്റു. രാഹുൽ വടികൊണ്ട് ഷൈജുവിനെ അടിക്കുകയും ചെയ്തു. കാപ്പ കേസിലെ പ്രതിയായ രാഹുൽ പത്തു ദിവസം മുന്പാണ് ശിക്ഷ കഴിഞ്ഞ് പുറത്ത് ഇറങ്ങിയത്. പ്രതികൾക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചു.