ചേർത്തല: മദ്യ ലഹരിയിൽ അമിത വേഗതയിൽ അപകടകമായി സഞ്ചരിച്ച വാഹനം തടയാൻ ശ്രമിച്ച ട്രാഫിക് എസ് ഐ യ്ക്ക് നേരെ ആക്രമണം. മൂക്കിനു പരിക്കേറ്റു.
സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേർ അറസ്റ്റിൽ. ചേർത്തല സ്റ്റേഷനിലെ ട്രാഫിക് എസ്ഐ ചേർത്തല തെക്ക് പഞ്ചായത്ത് 17-ാം വാർഡിൽ അർത്തുങ്കൽ പുളിക്കൽ ജോസി സ്റ്റീഫൻ(55)നെയാണ് പരിക്കേറ്റ് ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ ദേശീയപാതയിൽ ചേർത്തല പോലീസ് സ്റ്റേഷനു വടക്ക് ഭാഗത്തായിരുന്നു സംഭവം. കൊല്ലം കൊട്ടാരക്കര പത്തനാപുരം വെളകുടി പഞ്ചായത്തിൽ ആവണീശ്വരം സാബുരാജാ വിലാസത്തിൽ ജോബിൻ(29), വെളക്കുടി കുന്നിക്കോട് ശാസ്ത്രി കവല സി.എം. വീട്ടിൽ ഷമീർ മുഹമ്മദ് (29), ആവണീശ്വരം ബിബിൻ ഹൗസിൽ ബിബിൻ രാജ് (26) എന്നിവരാണ് അറസ്റ്റിലായത്.
സംഘത്തിൽ ഉണ്ടായിരുന്ന കുട്ടുയെന്നയാൾ ഓടി രക്ഷപ്പെട്ടു.ദേശീയപാതയിൽ പരിശോധന നടത്തുകയായിരുന്ന പോലീസിനു ആലപ്പുഴ ഭാഗത്തുനിന്നും അപകടകരമായി അമിത വേഗതയിൽ വാഹനം വരുന്നതായി വിവരം ലഭിച്ചു.
എക്സസറേ ബൈപാസിൽ കൈകാണിച്ചെങ്കിലും നിർത്തിയില്ല. മുന്നോട്ടു നീങ്ങീയ ജീപ്പിനെ പിന്തുടർന്നതോടെ ഹൈവേ പാലത്തിനു പടിഞ്ഞാറ് ഭാഗത്തെ വീട്ടിലേയ്ക്കു കയറ്റി നിർത്തിയിട്ടു. പിന്നാലെ എത്തിയ പോലീസ് സംഘത്തെ മദ്യപസംഘം ആക്രമിക്കുകയായിരുന്നു.
സ്റ്റേഷനിൽ നിന്നും കൂടുതൽ പോലീസെത്തി പ്രതികളെ പിടികൂടുകയായിരുന്നു. എറണാകുളത്ത് വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോകുകയായിരുന്നു സംഘം. ഇവർ മദ്യലഹരിയിലായിരുന്നെന്നും പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കുമെന്നും എസ്ഐ എം.എം. വിൻസെന്റ് പറഞ്ഞു.