ഏറ്റുമാനൂർ: പോലീസിനു നേരേ പെട്രോൾ ബോംബെറിഞ്ഞ സംഭവത്തിലും കഴിഞ്ഞ ദിവസം ഓട്ടോ ഡ്രൈവറുടെ കണ്ണിൽ കുരുമുളക് സ്പ്രേ ചെയ്ത് പണം തട്ടിയ കേസിലും പ്രതിപ്പ ട്ടികയിൽ ഉൾപ്പെട്ട ഗുണ്ടാ സംഘത്തിലെ നാല് പേർ കൂടി പിടിയിൽ.
അതിരന്പുഴ കോട്ടമുറി പ്രിയദർശനി കോളനിയിൽ അന്പലത്തറ വീട്ടിൽ സുധി മിൻരാജ് (19), കൊച്ചുപുരയ്ക്കൽ ആൽബിൻ കെ. ബോബൻ (20) മടപ്പള്ളി ബിബിൻ ബെന്നി (20) പ്രായപൂർത്തിയാകാത്ത ആൾ എന്നിവരെയാണ് പിടികൂടിയത്.
ഇന്നലെ ഉച്ചയ്ക്ക് 12നു തിരുനൽവേലി ട്രെയിനിൽ ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്നതിനിടയിലാണ് ഇവരെ പിടികൂടിയത്. ഇതേക്കുറിച്ച് ഏറ്റുമാനൂർ സിഐ എ.ജെ. തോമസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സംഘം ഇവരെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം ചേർത്തലയിൽ നിന്നും ഓട്ടം വിളിച്ച് ഏറ്റുമാനൂരിൽ എത്തിച്ചശേഷം കണ്ണിൽ കുരുമുളക് സ്പ്രേ ചെയ്ത് പണം തട്ടിയതും ഇവർ തന്നെയായിരുന്നു. അക്രമത്തിൽ പരിക്കേറ്റ ഓട്ടോ ഡ്രൈവർ ചേർത്തല പറക്കോട്ട് ജോസഫ് മാത്യു പ്രതികളെ തിരിച്ചറിഞ്ഞു.