കോഴിക്കോട്: സ്വകാര്യബസ് ഡ്രൈവർക്കെതിരെ നടപടി സ്വീകരിച്ച എസ്ഐ ഉള്‍പ്പെടെ മൂന്നുപേരെ എആര്‍ ക്യാമ്പിലേക്ക് സ്ഥയം മാറ്റി. കസബ സ്റ്റേഷനിലെ എസ്ഐ ജഗജീവന്‍ , അഡീഷണല്‍ എസ്ഐ പ്രദീപ്, സിപിഒ സന്ദീപ് സെബാസ്റ്റ്യൻ എന്നിവരെയാണ് സ്ഥലം മാറ്റിക്കൊണ്ട് സിറ്റി പോലീസ് കമ്മീഷണര്‍ എ.വി.ജോര്‍ജ് ഇന്നു രാവിലെ ഉത്തരവിറക്കിയത്.
തൊഴിലാളി സംഘടനാ നേതാക്കളും എംപിയടക്കം സിപിഎമ്മിലെ രാഷ്ട്രീയ നേതാക്കളും സാമുദായിക സംഘടനാ നേതാക്കളും ആഭ്യന്തരവകുപ്പിനുമേല് കടുത്ത സമ്മര്‍ദം ചെലുത്തിയതിനെ തുടര്‍ന്നാണ് നടപടി. സസ്പന്ഷന് വേണമെന്നാവശ്യവുമായി ഇവര്‍ കനത്തസമ്മർദം ചെലുത്തിയെങ്കിലും അതിനുള്ള കാരണമില്ലാത്തതിനാലും പോലീസ് അസോസിയേഷന് വിഷയത്തില്‍ ഇടപെട്ടതിനാലുമാണ് സസ്പെന്ഷന് ഒഴിവാക്കിയത്.
അതേസമയം കസ്റ്റഡിയില്‍ വച്ച് ബസ് ഡ്രൈവറെ പോലീസ് മര്‍ദിച്ചതുമായി ബന്ധപ്പെട്ടല്ല സസ്പെന്ഷന് . നടുറോഡിൽ വച്ച് ബസ് ഡ്രൈവര്‍ അശ്ളീലആംഗ്യം കാണിച്ച് ഭീഷണിപ്പെടുത്തിയതായി യുവതി പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ വൈകിയെന്നതാണ് പോലീസിനെതിരേയുള്ള വീഴ്ചയായി പറയുന്നത്.
ആദ്യം ഒത്തു തീര്‍പ്പിന് ശ്രമിച്ച നടപടി അനാവശ്യമായിരുന്നുവെന്നാണ് കണ്ടെത്തല്‍ . ഈ വീഴ്ചയെ തുടര്‍ന്നാണ് പോലീസിനെതിരേ നടപടി സ്വീകരിക്കുന്നതെന്നാണ് കമീഷണര്‍ ഉത്തരവിൽ പറയുന്നത്. ആരോപണ വിധേയനായ ബസ് ഡ്രൈവര്‍ പോലീസുകാര്‍ മര്‍ദിച്ചുവെന്ന് കാണിച്ച് കമ്മിഷണര്‍ക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നല്‍കിയിരുന്നു.
കമ്മിഷണര്‍ക്ക് ലഭിച്ച പരാതിയെ തുടര്‍ന്ന് ഡിസിആര്‍ബി അസി.കമ്മീഷണറെ അന്വേഷണത്തിനായി ചുമതലപ്പെടുത്തി. ഈ അന്വേഷണ റിപ്പോര്‍ട്ടിലാണ് പോലീസുകാര്‍ മര്‍ദിച്ചതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പരാമര്‍ശിച്ചത്. കൂടാതെ പോലീസ് മര്‍ദിച്ചതായി വരുത്തി തീര്‍ക്കാന്‍ ബസ് ഡ്രൈവര്‍ ആസൂത്രിതമായ ശ്രമം നടത്തിയെന്നും അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായാണ് റിപ്പോര്ട്ടിലുള്ളതെന്നാണറിയുന്നത്.
ഗുരുതര പരിക്കുണ്ടെന്നറിയിക്കാൻ കഴുത്തിൽ നെക് കോളറും, നെഞ്ചിലും കൈയിലും കളരിക്കെട്ടും ധരിച്ചാണ് സുബൈർ ചാനലുകളെ സമീപിച്ചതെന്നും അത്തരം പരിക്കുകൾ അദ്ദേഹത്തിന് ഉണ്ടായിരുന്നില്ലെന്നുമാണ് പോലീസിന്റെ അന്വേഷണ റിപ്പോർട്ടെന്ന് കമീഷണർ പറഞ്ഞു.
പരാതിക്കാരിയായ സ്ത്രീക്കൊപ്പം നിന്ന പോലീസുകാര്‍ക്കെതിരേ നടപടി സ്വീകരിച്ചെങ്കിലും മുഖ്യമന്ത്രിയുടേയും സിഐടിയുവിന്റേയും സിപിഎമ്മിന്റേയും പേരില്‍ പോലീസിനെ ഭീഷണിപ്പെടുത്തിയ ഗുരുതര സംഭവത്തില്‍ വ്യാജ സിഐടിയു ഏരിയ സെക്രട്ടറിക്കെതിരെ നടപടിയെടുത്തിട്ടില്ല. കഴിഞ്ഞമാസം 17 നാണ് കേസിനാസ്പദമായ സംഭവം. സൈഡ് തന്നില്ലെന്നാരോപിച്ച് ബസ് ഡ്രൈവര്‍ ദമ്പതികളോട് അശ്ലീല ആംഗ്യം കാണിച്ച് മോശമായി പെരുമാറുകയായിരുന്നു.