ആലപ്പുഴ/തുറവൂർ: ആലപ്പുഴയിലും കുത്തിയതോട്ടിലുമായി രണ്ടു വ്യത്യസ്ത സംഭവങ്ങളില്‍ പോലീസുകാര്‍ക്ക് വെട്ടും കുത്തുമേറ്റ സംഭവത്തില്‍ മൂന്നുപേരെ പിടികൂടി. ഒരാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.
ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിലെ സിപിഒ സജീഷ് സദാനന്ദനാണ് വെട്ടേറ്റത്. കുത്തിയതോട് പോലീസ് സ്റ്റേഷനിലെ സിപിഒ വിജേഷിനാണ് കുത്തേറ്റത്. ആലപ്പുഴയിലെ സംഭവത്തിനിടെ ഹൗസിംഗ് കോളനി കൃഷ്ണനിവാസില്‍ ജീവന്‍കുമാര്‍, മകന് രവിശങ്കര്‍ എന്നിവര്‍ക്കും വെട്ടേറ്റിട്ടുണ്ട്.
വധശ്രമമറിഞ്ഞ് പ്രതികളെ പിടികൂടാന്‍ എത്തിയപ്പോഴാണ് ആലപ്പുസൗത്ത് സ്റ്റേഷന് സിപിഒ സജേഷിനാണ് പരിക്കേറ്റത്. സംഭവത്തില്‍ പ്രതികളിലൊരാളായ ഹൗസിംഗ് കോളനി സ്വദേശി ലിനോയിയെ പോലീസ് പിടികൂടി. സംഭവത്തിൽ കപില്‍ ഷാജി എന്നയാളെ പോലീസ് തെരയുന്നുണ്ട്.
ഇന്നലെ രാത്രി 11 ഓടെ വലിയചുടുകാടിനു തെക്കുഭാഗത്തായിരുന്നു സംഭവം. രാത്രി എട്ടോടെ കൃഷ്ണനിവാസില്‍ ജീവന്‍കുമാറിന്റെ വീട്ടില്‍ ലിനോയ്, കപില്‍ ഷാജി എന്നിവര്‍ മാരകായുധങ്ങളുമായി അതിക്രമിച്ച് കയറിയതാണ് സംഭവങ്ങളുടെ തുടക്കം.
ജീവന്‍കുമാറിന്റെ ഇളയമകനെ അന്വേഷിച്ചാണ് ഇവര്‍ എത്തിയത്. മകനെ കിട്ടാതെ വന്നതോടെ കൈയിലുണ്ടായിരുന്ന ആയുധം വീശിയപ്പോള്‍ ജീവന്‍കുമാറിനും മൂത്തമകനും പരിക്കേറ്റു.
വിവരമറിഞ്ഞ് ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനില്‍നിന്നും കണ്ട്രോള് റൂമില്‍നിന്നും പോലീസുകാര്‍ സ്ഥലത്തെത്തിയെങ്കിലും പ്രതികളെ കിട്ടിയില്ല. സ്ഥലത്ത് മഴ പെയ്തതിന് പിന്നാലെ വൈദ്യുതി പോയതും പ്രതികൾക്ക് രക്ഷപെടാൻ സഹായമായി.
മഴമാറി വീണ്ടും പരിശോധിച്ചപ്പോള്‍ പ്രതികളിലൊരാളായ ലിനോജിനെ കണ്ടെത്തി. പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ഇയാൾ കൈവശമുണ്ടായിരുന്ന വാളുകൊണ്ട് പോലീസുകാരനെ വെട്ടുകയായിരുന്നു. വെട്ടേറ്റ പോലീസുകാരന്റെ ഇരുകൈകളിലുമായി 24 ഓളം തുന്നലുകളുണ്ട്. ഇദ്ദേഹം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ലിനോജിനെ സൗത്ത് സിഐയുടെ നേതൃത്വത്തില്‍ ബലം പ്രയോഗിച്ച് പിടികൂടുകയായിരുന്നു. മറ്റൊരു പ്രതി കപില്‍ ഷാജിക്കായി പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ബലപ്രയോഗത്തിനിടെ സിഐക്കും പരിക്കേറ്റു.
കുത്തിയതോട് സംഘര്‍ഷം അന്വേഷിക്കാനെത്തിയപ്പോഴാണ് പോലീസുകാരന് കുത്തേറ്റത്. കുത്തേറ്റ പോലീസ് ഉദ്യോഗസ്ഥന് വിജേഷിനെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പരിക്ക് ഗുരുതരമായതിനാല്‍ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
രാത്രി പത്തോടെയായിരുന്നു ഈ സംഭവവും. എഴുപുന്ന കരുമാഞ്ചേരിക്കു സമീപം കൊടിയനാട് വീട്ടില്‍ ഗോഡ്വിന്, ഗോഡ്സണ്‍ എന്നിവരെ പിടികൂടാൻ പോലീസ് എത്തിയപ്പോഴായിരുന്നു ആക്രമണം.
പോലീസ് എത്തിയതറിഞ്ഞ് ഗോഡ്സണ്‍ ഇരുട്ടിലേക്ക് മാറിനിന്നു വെല്ലുവിളിക്കുകയും പിന്തിരിപ്പിക്കാന് ശ്രമിക്കുന്നതിനിടെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്നാണ് പറയുന്നത്. പിന്നീട് ഇരുവരെയും പോലീസ് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി.
പാടശേഖരവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് പ്രദേശത്തെ വീട് ആക്രമിക്കാൻ ശ്രമിച്ച വിവരമറിഞ്ഞാണ് പോലീസ് സ്ഥലത്തെത്തിയത്.
അറസ്റ്റിലായ ഇരുവരും സ്ഥിരം കുറ്റവാളികളാണെന്ന് പോലീസ് പറഞ്ഞു. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്ത ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.