അന്പലപ്പുഴ: അന്വേഷണത്തിന് വേണ്ടത്ര പോലീസ് ഉദ്യോഗസ്ഥരില്ലാത്തതിനാൽ അന്പലപ്പുഴ സ്റ്റേഷനിൽ കേസുകൾ കെട്ടിക്കിടക്കുന്നു. ക്രമസമാധാന പാലനവും ഉദ്യോഗസ്ഥരുടെ കുറവുമൂലം അവതാളത്തിലായിരിക്കുകയാണ്.12 മണിക്കൂറായി നിജപ്പെടുത്തിയിരുന്ന ജി.ഡി ജോലികൾ 24 മണിക്കൂറും ചെയ്യേണ്ട ഗതികേടിലാണ് പോലീസുകാർ.
സമീപകാലത്തുണ്ടായ അപകടങ്ങളിൽപ്പെട്ട് രണ്ടു പോലീസുകാർ ചികിത്സയിലാണ്. പല സ്ക്വാഡുകളും രൂപീകരിച്ചപ്പോൾ ചിലരെ അതിലേക്ക് പോസ്റ്റു ചെയ്യുകയും ചെയ്തു. സ്ഥലം മാറിപ്പോയ ഉദ്യോഗസ്ഥർക്ക് പകരം നിയമനം നടന്നിട്ടുമില്ല. ജോലിക്കൂടുതൽ കാരണം ആരും സ്റ്റേഷനിലേക്ക് വരാൻ താല്ലര്യപ്പെടാത്തതാണ് നിലവിലെ അവസ്ഥയ്ക്ക് കാരണം.
മേലുദ്യോഗസ്ഥരുമായുള്ള സ്വരച്ചേർച്ച ഇല്ലായ്മ മൂലം ചില പോലീസുദ്യോഗസ്ഥരാകട്ടെ മെഡിക്കൽ ലീവിലുമാണ്. വേണ്ടത്ര പോലീസുകാരെ ലഭിച്ചില്ലെങ്കിൽ ക്രമസമാധാന പാലന മുൾപ്പടെ അവതാളത്തിലാകുമെന്നു പോലീസുകാർ തന്നെ പറയുന്നു.