മുളങ്കുന്നത്തുകാവ്: മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച ആന്ധ്രപ്രദേശ് സ്വദേശിയുടെ മൃതദേഹം നാട്ടിൽ കൊണ്ടുപോകാൻ കഴിയാതെ ദുരിതത്തിലായ ബന്ധുക്കൾക്ക് പോലീസുകാരൻ തുണയായി. ആംബുലൻസിന് നൽകാനുള്ള വാടക കൊടുക്കാൻ ഇല്ലാതെ വിഷമിച്ച ബന്ധുക്കൾക്ക് പണം സംഘടിപ്പിച്ച് നൽകിയാണ് പോലീസുകാരൻ ആശ്വാസമായത്.
ആന്ധ്രപ്രദേശ് ചിറ്റൂർ സ്വദേശി മാബുൾ ബാഷ(55)ഇന്നു രാവിലെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. വർഷങ്ങളായി കുറ്റിപ്പുറത്താണ് ഇവർ താമസിക്കുന്നത്. സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന ഇവർക്ക് മൃതദേഹം ആന്ധ്രപ്രദേശിലെ ചിറ്റൂരിലേക്ക് കൊണ്ടുപോകാൻ ആവശ്യമായ പണം ഇവരുടെ കൈയിലുണ്ടായിരുന്നില്ല.
തുടർന്ന് ഇവർ മെഡിക്കൽ കോളജ് പോലീസ് എയ്ഡ് പോസ്റ്റിൽ ഡ്യെൂട്ടിയിലുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർ ബിനോയിയെ സമീപിച്ച് സങ്കടമറിയിച്ചു. ഇവരുടെ നിസാഹായാവസ്ഥ മനസിലാക്കി ബിനോയ് തന്റെ പരിചയത്തിലുള്ള ചിലരെ ഫോണിൽ ബന്ധപ്പെട്ട് ആവശ്യമറിയിച്ചു.
മെഡിക്കൽ കോളജിൽ തന്നെ നേരത്തെ ചികിത്സയിൽ കഴിഞ്ഞിരുന്ന പേരാമംഗലം സ്വദേശിയായ ഒരു വ്യക്തി എത്തി പതിനായിരം രൂപ മരിച്ച ബാഷയുടെ ഭാര്യയുടെ കൈയിൽ നൽകി. തുടർന്ന് വിവിധയിടങ്ങളിൽ നിന്ന് പോലീസുകാരന്റെ ഇടപെടൽ മൂലം 18000 രൂപ ലഭിച്ചു. ഇതോടെ മൃതദേഹം കൊണ്ടു പോകുന്നതിനുള്ള വാടക ലഭ്യമാക്കി.
തൃശൂരിൽ നിന്നും 600 കിലോമീറ്റർ ദൂരമാണ് ഇവർ താമസിക്കുന്ന ആന്ധ്രയിലെ ചിറ്റൂരിലേക്കുള്ളത്. സാധാരണ കിലോമീറ്ററിന് ആംബുലൻസ് ഡ്രൈവർമാർ 35 രൂപയാണ് വാങ്ങിക്കുന്നതെങ്കിലും പോലീസുകാരന്റെ ഇടപെടൽ മൂലം വാടക കുറച്ചു കൊടുത്തതോടെ ഉച്ചയോടെ മൃതദേഹവുമായി ബന്ധുക്കൾ യാത്രയായി. കുറ്റിപ്പുറത്ത് വാടകയ്ക്ക് താമസിക്കുന്ന ഇവർ പോലീസുകാരനോട് നന്ദി പറഞ്ഞാണ് മൃതദേഹവുമായി കുടുംബം നാട്ടിലേക്ക് പോയത്.