സീമ മോഹന്‍ലാല്‍
സന്ധ്യാനേരത്ത് വീട്ടുവരാന്തയില്‍ വിദൂരതയിലേക്ക് കണ്ണും നട്ടിരിക്കുന്ന വൃദ്ധന്. സമീപത്തെ മേശയില്‍ ചായഗ്ലാസും മൊബൈല്‍ ഫോണും… അഴയില്‍ ഉണക്കാനിട്ടിരിക്കുന്ന പോലീസ് യൂണിഫോം…
പോലീസ് ജീവിതത്തിലെ കാഴ്ചകൾക്ക് വരകളിലൂടെയും വര്‍ണങ്ങളിലൂടെയും ദൃശ്യാവിഷ്ക്കാരം ഒരുക്കുകയാണ് ഒരു ഇൻസ്പെക്ടർ.
തിരുവനന്തപുരം സ്റ്റേറ്റ് ക്രൈം റിക്കാര്‍ഡ് ബ്യൂറോയിലെ ഇന്‍സ്പെക്ടറായ എ. അനന്തലാല്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടയിൽ വരച്ചതു തീർത്തത് 70 ചിത്രങ്ങളാണ്.
ബേക്കറിയും ചിത്രരചനയും
അനന്തലാലിന് കുട്ടിക്കാലം മുതല്‍ ചിത്രരചനയോട് താല്പര്യമുണ്ടായിരുന്നു. ഏഴാം ക്ലാസു മുതലാണ് ചിത്രരചന ഗൗരവമായി എടുത്തത്.
ആലപ്പുഴ കഞ്ഞിക്കുഴിയില്‍ ബേക്കറി നടത്തിയിരുന്ന അച്ഛന് അനന്തന് മകനെ ബേക്കറിയിലിരുത്തി ചിത്രങ്ങള്‍ വരപ്പിക്കുമായിരുന്നു.
ചിത്രകാരനായിരുന്ന കുറുപ്പ് മാഷായിരുന്നു ആദ്യ ഗുരു. സ്കൂള്‍-കോളജ് പഠനകാലത്ത് ചിത്രരചനയില്‍ നിരവധി പുരസ്കാരങ്ങള്‍ അനന്തലാല്‍ നേടിയിട്ടുണ്ട്.
ചിത്രരചന ഗൗരവമായി എടുത്തതോടെ ഫോര്‍ട്ടുകൊച്ചിയിലെ പേര്‍ഷ്യന്‍ ബ്ല്യൂ ആര്‍ട് ഹബിലെ ചിത്രകലാ അധ്യാപകന് ടി.ആര്. സുരേഷിന്റെ ശിക്ഷണത്തിലായി ചിത്രരചന പഠനം.
എന്നാല്‍ 2005 ല്‍ പോലീസ് സേനയില്‍ എസ്ഐ ആയി ജോലിയില്‍ പ്രവേശിച്ചതോടെ ചിത്രരചനയ്ക്ക് അവധി നല്കി. പിന്നീടങ്ങോട്ട് നിര്‍ണായകമായ നിരവധി കേസുകള്‍ക്ക് തുമ്പുണ്ടാക്കി.
നാലു വര്‍ഷം മുമ്പ് കൊച്ചി മെട്രോ പോലീസ് സ്റ്റേഷനില്‍ ഇന്‍സ്പെക്ടറായി എത്തിയതോടെയാണ് വീണ്ടും ചിത്രരചനയിലേക്ക് തിരിച്ചുവരണമെന്ന ചിന്ത അദേഹത്തിന് ഉണ്ടായത്.
തിരക്കുപിടിച്ച പോലീസ് ജോലികള്‍ക്കിടയിലെ വിശ്രമ വേളകളില്‍ അനന്തലാല്‍ ചിത്രരചനയ്ക്കുള്ള സമയം കണ്ടെത്തി.
പോലീസ് ജീവിതത്തിന്റെ നേര്‍ക്കാഴ്ച
പോലീസ് ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണ് ഓരോ ചിത്രവും. പ്രളയ ദുരിതകാലത്തെ പോലീസിന്റെ കരുതലും പ്രതിയുമായുള്ള തെളിവെടുപ്പും സമരമുഖത്തെ പോലീസും സുനാമിക്കാലത്തെ മോക്ഡ്രില്ലും നൈറ്റ് പട്രോളിംഗും ബോട്ട് പട്രോളിംഗും കാടിനു കരുതലാകുന്ന പോലീസുമൊക്കെ വരകളിലൂടെ അനന്തലാല്‍ മനോഹരമാക്കിയിരിക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്, മുന്‍ ഡിജിപി അനില്‍കാന്ത്, ഉത്തരമേഖല ഡിഐജി കെ. സേതുരാമന്, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു, കോസ്റ്റല്‍ സെക്യുരിറ്റി എഐജി ജി. പൂങ്കുഴലി എന്നിവരുടെ ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്.
നടി കേസ്, മോഡലുകളുടെ മരണം തുടങ്ങി പ്രമാദമായ പല കേസുകളുടെയും അന്വേഷണ ചുമതല വഹിച്ചിട്ടുള്ള ഉദ്യോഗസ്ഥനാണ് അനന്തലാൽ. വാട്ടര്‍ കളര്‍, അക്രിലിക്ക്, ഓയില്‍ എന്നീ മാധ്യമങ്ങളാണ് ചിത്രരചനയ്ക്ക് ഉപയോഗിച്ചിരിക്കുന്നത്.
ചിത്രരചനയിലൊതുങ്ങാതെ
പോലീസ് സേനയില്‍ വരുന്നതിനു മുമ്പ് അരൂര്‍ ഔവര്‍ ലേഡി ഓഫ് മേഴ്സി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഹയര്‍ സെക്കഡറി അധ്യാപകനായിരുന്നു ഇദ്ദേഹം.
ആ സമയത്ത് വിദ്യാര്‍ഥികള്‍ക്കായി ഉണ്ണിക്കുട്ടന്റെ സ്വപ്നലോകം എന്ന ഒരു ശാസ്ത്ര നാടകം എഴുതി സംവിധാനം ചെയ്തു. ഈ നാടകം സബ് ജില്ല, ജില്ല, സംസ്ഥാന തലങ്ങളില്‍ സമ്മാനങ്ങള്‍ നേടി. തുടര്‍ന്നു കര്‍ണാടകയിലെ ഷിമോഗയില്‍ നടന്ന ദക്ഷിണേന്ത്യന്‍ യുവജനോത്സവത്തില്‍ ഒന്നാം സ്ഥാനം നേടി.
മുംബൈയില്‍ നടന്ന ദേശീയ യുവജനോത്സവത്തിലും ഈ നാടകം ഒന്നാം സ്ഥാനം നേടി. അതിനുശേഷം സ്കൂള്‍ കുട്ടികള്ക്കായിതന്നെ എഴുതി സംവിധാനം ചെയ്ത “ഒരിടത്ത് ഒരിടത്ത് ഒരു നാടോടി’എന്ന നാടകവും “അംബരക്കാട്ടിലെ നൊമ്പരപ്പൂവുകള്‍’ എന്ന നാടകവും സംസ്ഥാന തലം വരെ എത്തി. ഈ മൂന്നു നാടകങ്ങളും ഉണ്ണിക്കുട്ടന്റെ സ്വപ്നലോകം എന്ന പേരില്‍ പുസ്തകമാക്കുകയുണ്ടായി.
പോലീസിനായും ഷോര്‍ട്ട് ഫിലിമുകള്‍
സേനയില്‍ എത്തിയശേഷം സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട “കാവലാള്‍’, ട്രാഫിക്കുമായി ബന്ധപ്പെട്ട “ശുഭയാത്ര’, കോവിഡുമായി ബന്ധപ്പെട്ട് “നിര്‍ഭയം’ എന്ന സംഗീത ആല്‍ബം എന്നിവയൊരുക്കി. നിര്‍ഭയത്തില്‍ ഗാനരചയിതാവ് ഡോ. മധു വാസുദേവിന്റെ വരികള്‍ അനന്തലാല്‍ തന്നെയാണ് പാടിയിരിക്കുന്നത്.
“സുരക്ഷ’എന്ന പേരില്‍ പ്രഫഷണല്‍ പാട്ടുകാര്‍ പങ്കെടുത്ത ഒരു സംഗീത ആല്‍ബത്തിന്റെ സംവിധാനവും ചെയ്തു. സുരക്ഷയുമായി ബന്ധപ്പെട്ടുതന്നെ “കാവല്‍’, “കവചം’ എന്നീ രണ്ട് ഷോര്‍ട്ട് ഫിലിമുകളും സ്വന്തമായി സംവിധാനം ചെയ്തു പുറത്തിറക്കി.
കൊച്ചി മെട്രോ പോലീസ് സ്റ്റേഷനില്‍ ഇന്‍സ്പെക്ടര്‍ ആയിരിക്കെ മെട്രോ എംഡി ലോകനാഥ് ബഹ്റയുടെ നിര്‍ദേശപ്രകാരം കൊച്ചി മെട്രോയെക്കുറിച്ചു മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയും ചെയ്തിട്ടുണ്ട്.
ഇത് ഉടന്‍ പുറത്തിറങ്ങും. തെങ്കാശിക്കാറ്റ്, സല്യൂട്ട്, സിബിഐ , സുരാജിന്റെ പത്താം വളവ്, സൗദി വെള്ളയ്ക്ക, ചാള്‍സ് എന്റർപ്രൈസസ്, ലിക്വര്‍ ഐലന്റ്, കിംഗ് ഓഫ് കൊത്ത തുടങ്ങി 15 ലധികം ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
എറണാകുളം ദര്‍ബാര്‍ഹാള്‍ ആര്‍ട്ട് ഗ്യാലറിയില്‍ എ പോലീസ് സ്റ്റോറി എന്നപേരിൽ അനന്തലാലിന്റെ ചിത്രപ്രദർശനം നടക്കുന്നുണ്ട്. 13 വരെയാണ് ചിത്രപ്രദർശനം. പേര്‍ഷ്യന്‍ ബ്ല്യൂ ആണ് ക്യുറേറ്റര്‍. തിരുവനന്തപുരത്തും ചിത്ര പ്രദർശനത്തിനുള്ള ഒരുക്കത്തിലാണ് ഇദ്ദേഹം.
കുടുംബം
ആലപ്പുഴ എസ്എല്‍ പുരം സൗദാലയത്തില് അനന്തന് സൗദാമിനി ദമ്പതികളുടെ മകനാണ്. ഭാര്യ: അഡ്വ. സരി മോള് കരീത്ര. സ്കൂള്‍ വിദ്യാര്‍ഥികളായ അനന്തകൃഷ്ണയും കൃഷ്ണേന്ദുവുമാണ് മക്കള്‍.