പത്തനംതിട്ട: പൊന്നമ്പലമേട്ടില്‍ അതിക്രമിച്ചു കയറി പൂജ നടത്തിയ സംഘത്തെ കണ്ടെത്താന്‍ പോലീസിന്റെയും വനംവകുപ്പിന്റെയും തീവ്രശ്രമം.
സംഭവത്തില്‍ പോലീസും വനംവകുപ്പും കേസെടുത്തതോടെ പൂജ നടത്തിയ നാരായണന് നമ്പൂതിരിയും സംഘവും ഒളിവിലാണ്. ഇവരെത്തേടി വനം വകുപ്പ് സംഘം തമിഴ്നാട്ടിലേക്കു പോയിരിക്കുകയാണ്.
പോലീസ് സഹായത്തോടെ ഇവരുടെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷനും വനം വകുപ്പ് ശേഖരിച്ചിട്ടുള്ളതായി പറയുന്നു. പൂജ നടത്തിയ സംഘത്തിനെതിരേ ദേവസ്വം ബോര്‍ഡിന്റെ പരാതിയില്‍ മൂഴിയാര്‍ പോലീസും കേസെടുത്തിരുന്നു.
സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു വനംവകുപ്പിനു കൈമാറിയതും പോലീസാണ്. ഇവരെ കണ്ടെത്താന്‍ വനംവകുപ്പുദ്യോഗസ്ഥര്ക്കു കഴിയുന്നില്ലെങ്കില്‍ തമിഴ്നാട്ടിലേക്ക് അന്വേഷണസംഘത്തെ അയയ്ക്കാനാണ് പോലീസ് തീരുമാനം.
വനംവകുപ്പ് നിയന്ത്രണത്തിലുള്ള സ്ഥലമായ പൊന്നമ്പലമേട്ടിലേക്കുള്ള പ്രവേശനം പൂര്‍ണമായി തടഞ്ഞിരിക്കുകയാണ്. കഴിഞ്ഞ എട്ടിന് വനത്തിനുള്ളിലൂടെ അതിക്രമിച്ചു കയറി പൊന്നമ്പലമേട്ടിലെത്തിയ സംഘം പൂജ നടത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് കേസെടുത്തത്.
പൊന്നമ്പലമേട് യാത്രയ്ക്ക് നാരായണന് നമ്പൂതിരിക്കും സംഘത്തിനും ഒത്താശ ചെയ്തു കൊടുത്ത മൂന്നുപേരാണ് നിലവില്‍ അറസ്റ്റിലായിട്ടുള്ളത്.
ഇടനിലക്കാരനായി പ്രവര്‍ത്തിച്ച ചന്ദ്രശേഖരനെ ഇന്നലെ അറസ്റ്റ് ചെയ്തു.വനത്തിനുള്ളില്‍ അതിക്രമിച്ച് കടന്നുവരുടെ കൂട്ടത്തില്‍ ചന്ദ്രശേഖരനും ഉണ്ടായിരുന്നു.
വനം വികസന കോര്പറേഷന് ജീവനക്കാരായ രാജേന്ദ്രന്, സാബു എന്നിവരെ സംഭവത്തില്‍ വനംവകുപ്പ് കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.