തൊടുപുഴ: രാത്രിയില്‍ ഫോണില്‍ വിളിച്ചു ശല്യപ്പെടുത്തിയ പോലീസുകാരന് വീട്ടമ്മയുടെ വക ശകാരം. ഫോണ്‍ റീച്ചാര്‍ജ് ചെയ്യാനെത്തിയ വീട്ടമ്മയുടെ ഫോണ്‍ നമ്പര്‍ സൂത്രത്തില്‍ സ്വന്തമാക്കിയാണ് പോലീസുകാരന്‍ വിളിച്ചത്. സംഭവം വിവാദമായതോടെ മാപ്പുപറഞ്ഞ് പോലീസുകാരന്‍ തടിയൂരി. തൊടുപുഴ പോലീസ് സ്‌റ്റേഷന് സമീപം കാഞ്ഞിരമറ്റം ബൈപ്പാസിലെ പെട്ടിക്കടയില്‍ ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് സംഭവം.
കടയിലെത്തിയ വീട്ടമ്മ റീ ചാര്‍ജ് ചെയ്യുന്നതിനായി ഷോപ്പുടമയോട് തന്റെ മൊബൈല്‍ നമ്പര്‍ പറഞ്ഞ സമയത്ത് സമീപത്തു നിന്നിരുന്ന പോലീസുകാരന്‍ കടക്കാരന്റെ കൈയില്‍ നിന്നും നമ്പര്‍ സ്വന്തമാക്കി രാത്രി വീട്ടമ്മയെ വിളിക്കുകയുമായിരുന്നു. വീട്ടമ്മ തന്ത്രപൂര്‍വം ഫോണിലൂടെ കാര്യങ്ങള്‍ മനസിലാക്കി. ആരാണു വിളിക്കുന്നതെന്നും നമ്പര്‍ എവിടെനിന്നു കിട്ടിയെന്നുമുള്ള കാര്യങ്ങള്‍ മനസിലാക്കിയ വീട്ടമ്മ ഇന്നലെ കടയിലെത്തിയാണ് കടക്കാരനോട് കയര്‍ത്തത്.
തന്റെ നമ്പര്‍ എങ്ങനെ പോലീസുകാരന് കിട്ടിയെന്ന് ചോദിച്ചായിരുന്നു വീട്ടമ്മയുടെ ശകാരം. പോലീസുകാരനെയും കടക്കാരനെയും കണക്കിനു ശകാരിച്ച വീട്ടമ്മയെ മറ്റു പോലീസുകാര്‍ ഇടപെട്ടാണ് ശാന്തയാക്കിയത്. സംഭവത്തില്‍ വീട്ടമ്മ പരാതികളൊന്നും നല്‍കിയിട്ടില്ല. എന്നാല്‍ സംഭവവത്തില്‍ സ്വമേധയാ അന്വേഷണം ആരംഭിച്ചതായി തൊടുപുഴ എസ്.ഐ ജോബിന്‍ ആന്‍റണി പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് രേഖാമൂലം പരാതി ലഭിച്ചിട്ടില്ല. എങ്കിലും ഇത്തരമൊരു സംഭവം നടന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായും എസ്‌ഐ പറഞ്ഞു. ജില്ലാ സ്‌പെഷല്‍ ബ്രാഞ്ചും അന്വേഷണം നടത്തുന്നുണ്ട്.