സ്വന്തം ലേഖിക
കൊച്ചി: അമ്മ ആശുപത്രിയിലായ ബീഹാര്‍ സ്വദേശിയ നാലു മാസം പ്രായമുള്ള കുഞ്ഞിന് മുലപ്പാല്‍ നല്കിയ എറണാകുളം വനിതാ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ എം.എ. ആര്യയ്ക്ക് അഭിനന്ദന പ്രവാഹം.
സംഭവം വൈറലായതോടെ ആര്യയെ നേരിട്ടും ഫോണിലൂടെയും അഭിനന്ദിച്ചവര്‍ ഏറെയാണ്. ഡിജിപി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ്, കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എ. അക്ബര്‍, ഡിസിപി കെ.എസ്.സുദര്ശന്, എസി സി.ജയകുമാര്‍, വിവിധ രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധിപ്പേരാണാ ആര്യയെ അഭിനന്ദനം അറിയിച്ചത്.
പോലീസ് സേനയില്‍നിന്ന് അനുമോദനം നല്‍കുന്നതിനുള്ള ഒരുക്കങ്ങളും നടക്കുന്നുണ്ട്. വനിതാ പോലീസ് സ്റ്റേഷനില്‍ ആര്യയെ നേരിട്ടു കണ്ട് അഭിനന്ദിക്കാനും പലരും എത്തുന്നുണ്ട്.
ഇന്ന് രാവിലെ മുതല്‍ വനിതാ സ്റ്റേഷനില്‍ ഡ്യൂട്ടിയിലുള്ള ആര്യ പറയുന്നത് വിശന്നു തളര്‍ന്നു ഉറങ്ങുന്ന ആ കുഞ്ഞിനെ കണ്ടപ്പോള്‍ ഒമ്പതുമാസം പ്രായമുള്ള തന്റെ മകള്‍ ശിവതീര്ഥയെയാണ് ഓര്മ വന്നതെന്ന്.
ഇന്നലെ രാവിലെയാണ് ഹൃദയ ശസ്ത്രക്രിയയ്ക്കു ശേഷം ജനറല്‍ ആശുപത്രി ഐസിയുവില്‍ ഉള്ള ബീഹാര്‍ പാട്ന സ്വദേശിനിയായ അജ്നാമാ ഖാത്തുരിന്റെ നാലു മക്കളെ നോക്കാന്‍ ആളില്ലെന്ന വിവരം ആശുപത്രിയിലെ പോലീസ് എയ്ഡ് പോസ്റ്റില്‍ നിന്ന് വനിതാ സ്റ്റേഷനിലേക്ക് ലഭിച്ചത്.
ഉടന്‍ എഎസ്ഐ ഷിനി കെ. പ്രഭാകരന്, സീനിയര്‍ സിപിഒ സീജാ മോള് എന്നിവര്‍ ആശുപത്രിയിലെത്തി. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയിലും വിവരം അറിയിച്ചു. പതിമൂന്നുകാരി നസ്ബിയ, അഞ്ചു വയസുകാരന് തയാന്‍, മൂന്നു വയസുകാരന് ആദിയ ഫാത്തിമ എന്നിവര്‍ക്കൊപ്പം നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞുമുണ്ടായിരുന്നു.
അമ്മയെ വിട്ടു പോരാന്‍ ആദ്യം കുട്ടികള്‍ തയാറായില്ല. നസ്ബിയയെ പോലീസ് ഉദ്യോഗസ്ഥകള്‍ കാര്യം പറഞ്ഞു മനസിലാക്കിയതോടെ അവര്‍ പോലീസുകാര്‍ക്കൊപ്പം ചെല്ലാന്‍ തയാറായി. കുഞ്ഞുങ്ങളെ സ്റ്റേഷനിലെത്തിച്ച് വിശന്ന് തളര്‍ന്നിരുന്ന മൂന്നു കുഞ്ഞുങ്ങള്‍ക്കും ഭക്ഷണം വാങ്ങി നല്കി.
അപ്പോള്‍ നാലു മാസക്കാരി തൊട്ടിലില്‍ നല്ല ഉറക്കത്തിലായി. അല്പ സമയത്തിനകം ഉറക്കമുണര്‍ന്ന അവള് നന്നേ ക്ഷീണിതയായിരുന്നു. ചുറ്റും കൂടി നില്ക്കുന്നവരില് നിന്ന് അവള് അമ്മയെ തെരഞ്ഞു. കുഞ്ഞിന് എന്തു നല്‍കുമെന്ന ചോദ്യം പ്രിന്‍സിപ്പല്‍ എസ്ഐ ആനി ശിവയേയും കൂട്ടരെയും വിഷമിപ്പിച്ചു.
അപ്പോഴാണ് ആര്യ താന്‍ കുഞ്ഞിന് പാലു കൊടുക്കട്ടെയെന്നു ചോദിച്ചു മുന്നോട്ടു വന്നത്. അമ്മ അടുത്തില്ലാത്ത ആ കുഞ്ഞിനെ കണ്ടപ്പോള്‍ തന്റെ മക്കളെയാണ് ഓര്മ വന്നതെന്നും മറ്റൊന്നും ആലോചിച്ചില്ലെന്നും ആര്യ പറഞ്ഞു.
പാലു കുടിച്ച് തീര്‍ന്നപ്പോള്‍ തന്നെ നോക്കി ചിരിച്ച ആ കുഞ്ഞു മുഖം മനസിന് സംതൃപ്തി നല്‍കിയെന്ന് ഈ പോലീസ് ഉദ്യോഗസ്ഥ പറയുന്നു. കഴിഞ്ഞ ആറു വര്‍ഷമായി പോലീസ് സേനയുടെ ഭാഗമായ ആര്യ പ്രസവാവധി കഴിഞ്ഞ് രണ്ടു മാസം മുമ്പാണ് വനിതാ സ്റ്റേഷനിലെത്തിയത്. ശിവ തീര്‍ഥയെ കൂടാതെ നാലു വയസുള്ള മകന് ശിവ തേജസും ആര്യയ്ക്കുണ്ട്.
വര്‍ഷങ്ങള്‍ക്കു മുമ്പ് കൊച്ചിയിലെത്തിയാണ് പാട്ന സ്വദേശികളായ കുട്ടികളുടെ കുടുംബം. നിലവില്‍ പൊന്നാരിമംഗലത്താണ് താമസം. ഇവരുടെ പിതാവ് മുഹമ്മദ് തന്‍വീര്‍ ആലം ഒരു കേസില്‍ പ്പെട്ട് ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്. ദമ്പതികളുടെ മറ്റൊരു കുട്ടി പാട്നയില്‍ ബന്ധുക്കള്‍ക്കൊപ്പമാണ് താമസം.
ശിശുക്ഷേമ സമിതിയുടെ നിര്‍ദേശ പ്രകാരം തുടര്‍ന്ന് കുട്ടികളെ എസ്ആര്‍എം റോഡിലെ നിര്‍മലാ ശിശുഭവനില്‍ എത്തിച്ചു. എസ്ഐ ആനി ശിവ, എഎസ്ഐ മാരായ ഷിനി കെ. പ്രഭാകരന്, ബേബി വര്‍ഗീസ്, എസ്സിപിഒ സീജാ മോള് എന്നിവരാണ് കുഞ്ഞുങ്ങളെ നിര്‍മലാ ശിശുഭവന് അധികൃതര്‍ക്ക് കൈമാറിയത്