സമൂഹത്തിനു വേണ്ടി ഒരുപാടു നല്ല കാര്യങ്ങൾ ചെയ്യുന്ന ഒരു മികച്ച പോലീസുദ്യോഗസ്ഥനാകുക എന്ന സ്വപ്നം മനസിൽ ഇട്ടു വളർത്തിക്കൊണ്ടു വന്ന മുംബൈ സ്വദേശിയായിരുന്നു അർപ്പിത് മന്ദൽ എന്ന ഏഴുവയസുകാരൻ. എന്നാൽ അർപ്പിതിന്റെ സ്വപ്നങ്ങൾക്കു മീതെ കനൽമഴ പെയ്യിച്ച് ആഗ്രഹങ്ങളെ കരിച്ചുകളയുകയായിരുന്നു വിധി.
കാൻസർ എന്ന മഹാദുരന്തത്തിന്റെ രൂപത്തിലാണ് വിധി അർപ്പിതിന്റെ മുന്പിൽ വില്ലൻ വേഷമണിഞ്ഞത്. എന്നാൽ വിധിയുടെ ക്രൂരതയ്്ക്ക് അർപ്പിതിനെ വിട്ടുകൊടുക്കുവാൻ കൂടെയുണ്ടായിരുന്നവർ സമ്മതിച്ചില്ല.
അർപ്പിതിന്റെ അവസ്ഥയും ആഗ്രഹവും അറിഞ്ഞ മെയ്ക്ക് എ വിഷ് ഇന്ത്യ ഫൗണ്ടേഷൻ എന്ന എൻജിഒ സംഘടന ഒരു ദിവസത്തേക്ക് അർപ്പിതിനെ പോലീസുദ്യോഗസ്ഥനാക്കുക എന്ന ദൗത്യം ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് ഇവർ മുംബൈയിലെ മുളുന്ദ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു.
മെയ്ക്ക് എ വിഷ് ഇന്ത്യ ഫൗണ്ടേഷന്റെ അധികൃതർ പോലീസുദ്യോഗസ്ഥരുമായി സംസാരിച്ചതിനെ തുടർന്ന് അർപ്പിതിനെ ഒരു ദിവസത്തേക്ക് ഈ സ്റ്റേഷനിൽ പോലീസ് ഇൻസ്പെക്ടറാകാൻ അനുമതി നൽകുകയായിരുന്നു.
പോലീസ് വേഷമണിഞ്ഞ് സ്റ്റേഷനുള്ളിൽ ഇരിക്കുന്ന അർപ്പിതിന്റെ ചിത്രങ്ങൾ മുംബൈ പോലീസ് ട്വീറ്റ് ചെയ്തിട്ടുമുണ്ട്. സംഭവം പുറത്തറിഞ്ഞതോടെ അർപ്പിതിന്റെ സ്വപ്നം ഒരു ദിവസത്തേക്കു നിറവേറ്റാൻ സഹായിച്ച പോലീസുദ്യോഗസ്ഥരെയും എൻജിഒയിലെ അംഗങ്ങളെയും അഭിനന്ദിച്ച് നിരവധിയാളുകൾ രംഗത്തെത്തിയിരിക്കുകയാണ്.
Mulund Police Station was completely won over by the undaunted spirit of 7 year old Arpit Mandal, fighting cancer! If we could, we would fulfill all his wishes beyond just being a Police inspector for a day #ProtectingSmiles @MakeAWishIndia pic.twitter.com/jPOJosXFDU
— Mumbai Police (@MumbaiPolice) March 23, 2018