പഴയങ്ങാടി: ലഹരിമരുന്നുമായി രണ്ടംഗസംഘത്തെ മാടായിപ്പാറയിൽ വച്ച് പാപ്പിനിശേരി എക്സൈസ് ഇൻസ്പെക്ടർ പി.വി. പ്രസന്നകുമാറിന്റെ നേതൃത്വത്തിൽ പിടികൂടി. 717 മില്ലിഗ്രാം മെത്താഫിറ്റമിൻ ഇവരിൽ നിന്നും പിടികൂടി. മാടായി മാടവളപ്പിലെ എം.വി. നജീബിന്റെ (26) കൈയിൽ നിന്ന് 317 മില്ലിഗ്രാം മെത്താഫിറ്റമിനും എരിപുരം പാളയംനഗറിലെ സിനാസിന്റെ (32) പക്കൽ നിന്നും 400 മില്ലിഗ്രാം മെത്താഫിറ്റമിനുമാണ് പിടികൂടിയത്.
നിരവധി മയക്കുമരുന്ന്-കഞ്ചാവു കേസുകളിലെ പ്രതികളായ ഇരുവരും മാടായിപാറ പരിസരത്തുള്ള സ്കൂൾ-കോളജ് വിദ്യാർഥികളെ കേന്ദ്രീകരിച്ചാണ് വില്പന.
ഞ്ഞിമംഗലം, പിലാത്തറ, പഴയങ്ങാടി, മാടായിപ്പാറ ഭാഗങ്ങളിൽ മെത്താഫിറ്റമിൻ വില്പന നടത്തുന്ന പ്രധാന കണ്ണികളാണ് ഇവരെന്നും എക്സൈസ്സംഘം പറഞ്ഞു. മാടായിപാറയുടെ വിവിധ ഒഴിഞ്ഞ കെട്ടിടങ്ങൾ കേന്ദ്രികരിച്ചാണ് ഇവർ വില്പന നടത്തുന്നത്.
പ്രതികളെ പിടികൂടിയ സംഘത്തിൽ അസി.എക്സൈസ് ഇൻസ്പെക്ടർമാരായ സന്തോഷ് തുണോളി, സജിത്ത് കുമാർ, ജോർജ് ഫെർണാണ്ടസ്, പ്രിവന്റീവ് ഓഫീസർ ഗ്രേഡുമാരായ എം.കെ.ജനാർദ്ദനൻ, പി.യേശുദാസൻ, പി.പി.രജിരാഗ്, വി.പി.ശ്രീകുമാർ, ഡ്രൈവർ ഇസ്മയിൽ എന്നിവർ ഉണ്ടായിരുന്നു.