കൊച്ചി: കടവന്ത്രയിലെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസില്‍ നിന്ന് തിമിംഗല ഛര്‍ദി പിടികൂടിയ സംഭവത്തില്‍ രണ്ട് ലക്ഷദ്വീപ് പോലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. അഗത്തി ആന്ത്രോത്ത് സ്വദേശികളായ നൗഷാദ് ഖാന്, ജാഫര്‍ എന്നിവരെയാണ് കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ആര്. അദീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ഇന്നലെ കടവന്ത്ര പോലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസില്‍ നടത്തിയ പരിശോധനയിലാണ് ഒന്നരകിലോ വരുന്ന തിമിംഗല ഛര്‍ദി കണ്ടെത്തിയത്. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും അധികം പഴക്കമില്ലാത്ത തിമിംഗല ഛര്‍ദി പിടിച്ചെടുക്കുകയുമായിരുന്നു.
വാറണ്ട് ആവശ്യങ്ങള്‍ക്കായി കൊച്ചിയില്‍ എത്തിയതാണെന്നാണ് പിടിയിലായവര്‍ മൊഴി നല്‍കിയിരിക്കുന്നത്. ആന്ത്രോത്ത് സ്വദേശി ഒരു കവര്‍ ഏല്പിച്ചിരുന്നതായും വെള്ളിയാഴ്ച സുഹൃത്തെത്തി വാങ്ങുമെന്നാണ് പറഞ്ഞിരുന്നതെന്നുമാണ് ഇവര്‍ നല്കിയ മൊഴി. കവറില്‍ തിമിംഗലഛര്ദിയായിരുന്നുവെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും ചോദ്യം ചെയ്യലില്‍ ഇവര്‍ പറഞ്ഞു. കവര്‍ ഏല്പിച്ചയാള് ഉച്ചക്കുള്ള കപ്പലില്‍ ലക്ഷദ്വീപിലേക്ക് പോയെന്നും മൊഴി നല്‍കിയിട്ടുണ്ട്.
അതേസമയം കവര്‍ ഏല്‍പ്പിച്ച ആളെക്കുറിച്ച് ഫോറസ്റ്റ് വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെ ഉടന്‍ കൊച്ചിയില്‍ എത്തിക്കും. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് തിമിംഗല ഛര്‍ദി കൈമാറിയതില്‍ ഒന്നില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും മറ്റും വിശദമായി അന്വേഷണം നടന്നുവരുകയാണെന്ന് കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ആര്. അദീഷ് പറഞ്ഞു. പിടിച്ചെടുത്ത തിമിംഗല ഛര്‍ദിക്ക് കോടികളുടെ മൂല്യമുണ്ട്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.