അടൂര്‍: ബ്രൗണ്‍ ഷുഗറുമായി അസം സ്വദേശിയെ അടൂര്‍ പോലീസ് പിടികൂടി. അസം ഗാവോണ്‍ ചാരായ്ബഹി ലാഹൗരിഗട്ട് പലഹ്ജരി സ്വദേശി ഫക്രുദ്ദീന്‍ അലി(30)യെയാണ് ജില്ലാ ഡാന്‍സാഫ് സംഘവും അടൂര്‍ പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.11 ഗ്രാം ബ്രൗണ്‍ഷുഗര്‍ ഇയാളില്‍നിന്ന് പിടിച്ചെടുത്തു.
ജില്ലാ പോലീസ് മേധാവി വി.അജിത്തിന് ലഭിച്ച രഹസ്യവിവരം കൈമാറിയതിനേ തുടര്‍ന്ന് പോലീസ് നടത്തിയ സംയുക്തനീക്കത്തില്‍ ഇന്നലെ പുലര്‍ച്ചെ 12.30 ന് പഴകുളം ഭവദാസന്മുക്കിന് സമീപത്തു നിന്നുമാണ് യുവാവിനെ പിടികൂടിത്. അവിടെ ഇയാള്‍ ഇതരസംസ്ഥാനതൊഴിലാളികള്ക്കൊപ്പം വാടകയ്ക്ക് താമസിച്ചുവരികയാണ്.
കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ 3.60 ഗ്രാം ബ്രൗണ്‍ ഷുഗറുമായി ഫക്രുദ്ദിനെയും കൂടെ താമസിച്ചുവന്ന ഫരീദ ഘട്ടുന്‍ എന്ന സ്ത്രീയെയും അടൂര്‍ വടക്കടത്തുകാവിലുള്ള വാടക വീട്ടില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തില്‍ ഇറങ്ങി തുടര്‍ന്നും ലഹരിമരുന്ന് വ്യാപാരത്തില്‍ ഏര്‍പ്പെട്ടുവരികയായിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു.
അടൂര്‍ ഡിവൈഎസ്പി നിയാസിന്റെയും ഡാന്‍സാഫ് നോഡല്‍ ഓഫീസര്‍ ജില്ലാ നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി ജെ. ഉമേഷ് കുമാറിന്റെയും നേതൃത്വത്തില്‍ അടൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ശ്യാം മുരളി, എസ്ഐ കെ.എസ്. ധന്യ, എസ് സിപിഒ സുനില്‍, സിപിഒമാരായ രാഹുല്‍, ശ്യാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ലഹരിമരുന്ന് കൈമാറ്റവുമായി ബന്ധപ്പെട്ട് ജില്ലയില്‍ പരിശോധന പോലീസ് ശക്തമായി നടത്തിവരികയാണ്.