മുക്കം: വാഹന മോഷ്ടാക്കളായ കുട്ടികളെ സിനിമാ സ്റ്റൈലിൽ പിടികൂടി മുക്കം പോലീസ്. കഴിഞ്ഞ ദിവസമാണ് സംഭവം. പോലീസ് പട്രോളിംഗിനിടെ ഹെൽമറ്റും മാസ്കും ധരിക്കാതെ അമിത വേഗതയിൽ പോകുന്ന ബൈക്കിന് പോലീസ് കൈ കാണിച്ചങ്കിലും നിർത്തിയില്ല.
തുടർന്ന് എസ്ഐ ജലീലിന്റെ നേതൃത്വത്തിലുള്ള പോലീസ് പിന്തുടർന്നു.മുക്കം പാലത്തിന് സമീപം ഇവരെ തടഞ്ഞു . ബൈക്ക് ഉപേക്ഷിച്ചു പുഴയില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഒരാളെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടി. എന്നാൽ രണ്ടാമനെ പിടികൂടാനായില്ല .
പുഴതീരത്തെ നിർമാണം നടക്കുന്ന വീട്ടിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ വസ്ത്രം ധരിച്ച് പോലീസിനെ കബളിപ്പിച്ച് പുറത്തു കടക്കുന് ശ്രമിച്ച രണ്ടാമനും പിടിയിലായി. രണ്ടുപേരെയും ചോദ്യം ചെയ്തതിൽ നിന്നും ബൈക്ക് മോഷ്ടിച്ചതാണെന്നും ഒരു കൂട്ടാളി കൂടി ഉണ്ടെന്നുംവ്യക്തമായി.
ഇവർ ഓടിച്ചിരുന്ന ബൈക്കിന്റെ നമ്പർ വ്യാജമെന്നും തെളിഞ്ഞിട്ടുണ്ട്. മൂന്നാമത്തെയാളെയും ഉടൻ തന്നെ മുക്കം പോലീസ് പിടികൂടി. മോഷ്ടിച്ച ഒരു പൾസർ ബൈക്കും സ്കൂട്ടറും ഉൾപ്പെടെ രണ്ടു വാഹനം പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ഇവർ കൂടുതൽ മോഷണം നടത്തിയിട്ടുണ്ടോ എന്നത് പരിശോധിച്ചു വരികയാണ് എന്ന് സിഐ ബി.കെ. സിജു പറഞ്ഞു. പിടിയിലായ മൂന്നു പേർക്കും പ്രായ പൂർത്തി ആയിട്ടില്ല.